പഹല്‍ഗാമില്‍ ചോര വീഴ്ത്തിയവര്‍; എന്താണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ?

രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തിയ 2019ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് രാജ്യം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ ഒരു മലയാളിയടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ തിരയുന്ന ഭീകരൻ ഹാഫിസ് സയ്യിദിന്റെ അനുയായി സെയ്ഫുള്ള കസൂരിയാണ് പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് റിപോർട്ടുകൾ. വിനോദ സഞ്ചാരികളെ ഉൾപ്പടെ ലക്ഷ്യം വെച്ച് നിറയൊഴിച്ച ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ ടിആർഎഫ് ഏറ്റെടുക്കുകയും ചെയ്തു. കാശ്മീരികൾ അല്ലാത്തവരെ ലക്ഷ്യം വെക്കുന്നതായി പ്രസ്താവനയിൽകൂടി വ്യക്തമാക്കിയ തീവ്രവാദ സംഘടനയായ ടിആർഎഫ് എന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് ശരിക്കും ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യം?

കശ്മീരിനെ ലക്ഷ്യം വെച്ച് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിച്ച ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക നിഴൽ സംഘടനയാണ് ടിആർഎഫ് എന്നാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ. രാജ്യം ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ സജ്ജാദ് ഗുൽ ആണ് നിലവിലെ ടിആർഎഫിന്റെ തലവൻ. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യ ടെററിസം പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യൽ എന്നിവയ്ക്ക് പിന്നാലെ 2019 ഓഗസ്റ്റിലാണ് ടിആർഎഫ് എന്ന ഭീകര സംഘടന രൂപീകരിക്കുന്നത്. തെഹ്‌രീക്-ഇ-മില്ലറ്റ് ഇസ്ലാമിയ, ഗസ്‌നാവി ഹിന്ദ് എന്നീ ഭീകരസംഘടനയുടെ വിഭാഗങ്ങളും ടിആർഎഫിന്റെ ഭാഗമാണ്.

കറാച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ടിആർഎഫ് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം, എക്‌സ്, ടാംടാം, ചിർപ്‌വയർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഇന്ത്യ വിരുദ്ധ പ്രൊപ്പഗാണ്ട വാർത്തകളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനുള്ള പല വഴികളും ഇവർ തേടുന്നുമുണ്ട്. ഓൺലൈൻ സംഘടനയിൽ നിന്നാണ് ആൾബലം കൂടിയ ഒരു തീവ്രവാദ ഗ്രൂപ്പായി മാറുന്നത്. ലഷ്കറെ ത്വയിബ, ഹിസ്ബുൾ മുജാഹിദീൻ അടക്കമുള്ള ഭീകര സംഘടനകൾക്കുവേണ്ടി പരിശീലനം നടത്തിയിട്ടുള്ളവർ ടിആർഎഫിന്റെ ആളുകൾക്കും വേണ്ടി പരിശീലനം നടത്തിയതായാണ് റിപ്പോർട്ട്. ഓൺലൈൻ റിക്രൂട്ട്മെന്റ് രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.

2023-ൽ കേന്ദ്ര സർക്കാർ ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ടിആർഎഫിന്റെ തലവനായ സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2024 ഏപ്രിലിലാണ് ജമ്മു കശ്മീരിലെ സംഘർഷങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് ഏറ്റവും ഒടുവിലായി ആക്രമണം നടത്തിയത്. കശ്മീരിൽ സാധാരണക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ നിരവധി ആക്രമണങ്ങൾ ടിആർഎഫ് നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരിൽ 85,000ത്തിലധികം താമസസ്ഥലങ്ങൾ തദ്ദേശീയരല്ലാത്തവർക്ക് നൽകിയിട്ടുണ്ടെന്നും ഇത് ജമ്മു-കശ്മീരിൽ ജനസംഖ്യാപരമായ മാറ്റത്തിന് വഴിയൊരുക്കി എന്നും ടിആർഎഫ് പറയുന്നു. വിനോദസഞ്ചാരികളായി വേഷം മാറിയെത്തിയെന്നും ഇവിടെ താമസസ്ഥലം നേടിയെടുത്ത് അവർ ഈ ഭൂമിയുടെ ഉടമസ്ഥരാണെന്ന് സ്ഥാപിക്കുകയാണ് എന്നും ടിആർഎഫ് പറയുന്നു. അത്തരത്തിൽ, അനധികൃതമായി താമസിക്കാൻ ശ്രമിക്കുന്നവർ അക്രമിക്കപ്പെടും എന്നാണ് വിനോദ സഞ്ചാരികൾക്കെതിരെ നടത്തിയ ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ടിആർഫ് അവകാശപ്പെടുന്നത്.

2022ലെ ഒരു ഡാറ്റ പ്രകാരം ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 172 തീവ്രവാദികളിൽ 108 പേർ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധപ്പെട്ടവരായിരുന്നു. 100 പുതിയ തീവ്രവാദികളിൽ 74 പേർ ടിആർഎഫിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് മറ്റൊരു ഡാറ്റയിൽ പറയുന്നത്. പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. കൂടാതെ മേഖലയ്ക്കുള്ളിൽ ടിആർഎഫിന്റെ ഓപ്പറേറ്റിംഗ് മൊഡ്യൂളുകൾ പൊളിച്ചു മാറ്റാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.