മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

മഹാരാഷ്ട്രയില്‍ മഹായുതിയുടെ മിന്നും ജയത്തിനിടയിലും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുകയാണ് മുന്നണി. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തുടരുമോ അതോ മഹാരാഷ്ട്രയില്‍ ചരിത്രത്തിലില്ലാത്ത വിധം ജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമോയെന്നതാണ് ചോദ്യം. നേരത്തെ സര്‍ക്കാരുണ്ടാക്കാന്‍ പിളര്‍ത്തിയെടുത്തു കൊണ്ടുവന്നവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തന്ത്രപരമായ വിട്ടുവീഴ്ച ചെയ്ത ബിജെപിയ്ക്ക് ഇന്നതിന്റെ ആവശ്യമില്ല. ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേനയുടെ ഇരട്ടിയിലധികം സീറ്റ് നേടിയ ബിജെപിയ്ക്ക് ഇനി ഷിന്‍ഡെ ഇല്ലെങ്കിലും ഭരിക്കാമെന്നതാണ് അവസ്ഥ.

മഹായുതി നേടിയ 232 സീറ്റുകളില്‍ 132 എണ്ണം ബിജെപിക്കും 57 എണ്ണം ശിവസേനയ്ക്കും 41 എണ്ണം എന്‍സിപിക്കുമാണ് കിട്ടിയത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒരുമിച്ചിരുന്ന് തീരുമാനമെടുക്കുമെന്ന് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചുവെങ്കിലും ഗംഭീര വിജയത്തിന്റെ ആഘോഷം കഴിഞ്ഞു രണ്ടു ദിവസമായിട്ടും മഹായുതി മുഖ്യമന്ത്രി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാണ് സത്യപ്രതിജ്ഞ ചടങ്ങെന്നും മഹാരാഷ്ട്രയില്‍ തീരുമാനമായില്ല. മറ്റ് സ്ഥലങ്ങളിലെല്ലാം ബിജെപി രീതിയില്‍ ഫലം വരുന്നതിന് മുമ്പേ തന്നേയോ വന്നയുടനോ സത്യപ്രതിജ്ഞ അടക്കം കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ് പതിവ്.

ഷിന്‍ഡെ ശിവസേനയുടെ സമ്മര്‍ദ്ദങ്ങളെ അവഗണിക്കാന്‍ നിസാരം ബിജെപിയ്ക്ക് കഴിയുമെന്നിരിക്കെ മുന്നണിയ്ക്കുള്ളില്‍ അലോസരത്തിന് ബിജെപിയ്ക്ക് താല്‍പര്യം ഇല്ലെന്നത് വ്യക്തമാക്കുന്നുണ്ട് ഈ മൗനം. മഹായുതിയുടെ ഗംഭീര വിജയത്തില്‍ ബിജെപിയുടെ പങ്കാണ് മിന്നുന്നത് എന്നിരിക്കെ ദേവേന്ദ്ര ഫഡ്നാവിസിനാണ് ക്രെഡിറ്റ് മുഴുവന്‍. മഹാരാഷ്ട്രയിലെ ബിജെപിയുടെ അമരത്തുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നണിയുടെ സര്‍ക്കാരിലും ഒന്നാം സ്ഥാനത്തെത്തണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നു. ശിവസേനയുടെ നേതാക്കളാകട്ടെ മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെയ്ക്കൊപ്പം തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഷിന്‍ഡെ സര്‍ക്കാരിന്റെ നയങ്ങള്‍ മഹായുതിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചുവെന്നാണ് ശിവസേനക്കാരുടെ വാദം.

എന്നാല്‍ മുന്നണിയ്ക്കുള്ളില്‍ കഴിഞ്ഞ കുറി സേനയുടെ ഇടപെടല്‍ കാരണം മുഖ്യമന്ത്രി സ്ഥാനമെന്ന അവകാശ വാദമെല്ലാം തകര്‍ന്ന അജിത് പവാര്‍ ക്യാമ്പ് ആ പകവീട്ടാന്‍ ഈ അവസരം മുതലെടുക്കുകയാണ്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ബിജെപിക്ക് അനുകൂലമായി ശബ്ദം ഉയര്‍ത്തി ശിവസേനയെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു. ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി പിന്തുണയ്ക്കുമെന്നായതോടെ ബിജെപിയ്ക്കി മുന്നില്‍ ഏകപക്ഷീയ തീരുമാനമെടുക്കാന്‍ തടസമില്ല. തങ്ങള്‍ക്ക് കഴിഞ്ഞ കുറി കുറച്ചു കാലത്തേക്ക് പോലും കിട്ടാക്കനിയാക്കിയ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് പോകരുതെന്ന നിലപാടാണ് അജിത് പവാറിന്റേയും ടീമിന്റേതും.

ശിവസേനയുടെയും എന്‍സിപിയുടെയും എംഎല്‍എമാര്‍ ഷിന്‍ഡെയും അജിത് പവാറിനെയും തങ്ങളുടെ പാര്‍ട്ടികളുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. സേന എംഎല്‍എമാരുടെ യോഗത്തില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്നാല്‍ 288 അംഗ സഭയില്‍ 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് തന്നെ 132 സീറ്റുകളുണ്ട്. 13 സീറ്റുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 41 സീറ്റുള്ള എന്‍സിപി തങ്ങളുടെ പിന്തുണ ഫഡ്‌നാവിസിന് പ്രഖ്യാപിച്ചതോടെ ശിവസേനയുടെ പ്രതീക്ഷകള്‍ മങ്ങികഴിഞ്ഞു. ഇനി ഒരു ഒത്തൂതീര്‍പ്പ് ഫോര്‍മുലയ്ക്ക് ഇടയില്ലാത്ത വിധമുള്ള കുതിപ്പാണ് ബിജെപി പാര്‍ട്ടിയെന്ന നിലയില്‍ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തിയത്. അതിനാല്‍ തന്നെ സ്വന്തം മുഖ്യമന്ത്രിയെന്ന സാധ്യത ഇനി തുലാസില്‍ നിര്‍ത്തി ഒരു ഒത്തുതീര്‍പ്പിന് നില്‍ക്കേണ്ട ബാധ്യത ബിജെപിയ്ക്കില്ല. എങ്കിലും എന്താണ് ഈ കാലതാമസത്തിന് പിന്നിലെ സ്ട്രാറ്റജിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.