ഇ വി എം മെഷീനുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആക്ഷേപങ്ങള്‍ ദുരീകരിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് മുന്‍ തിരഞ്ഞെടുപ്പ കമ്മീഷണര്‍ എസ് വൈ ഖുറേഷി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സംബന്ധിച്ച് പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കപെടേണ്ടതാണ്.
അതേസമയം, വി.വിപാറ്റ്-ഇ.വി.എം സിസ്റ്റത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ 22 പ്രതിപക്ഷ കക്ഷികള്‍ ഇതിന്റെ സാധുത ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇത് പിന്നീട് സുപ്രീം കോടതി വരെയെത്തി.
വി.വിപാറ്റില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്നും മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ലെന്നും ഖുറേഷി പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രതിപക്ഷത്തെയും ജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ടെന്നും വ്യക്തമാക്കി.
ബാലറ്റിലേക്കു പോകണമെന്ന ആവശ്യത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാതെ വി.വിപാറ്റ് ഇ.വി.എം സിസ്റ്റം പരിഷ്‌കരിക്കുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു.