'ദ കേരള സ്റ്റോറി' ബംഗാളില്‍ പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം; സിനിമ നിരോധിച്ചതില്‍ മറുപടി പറയണം; മമത സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി സുപ്രീംകോടതി

‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതില്‍ മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി. സിനിമ എന്തുകൊണ്ടാണ് നിരോധിച്ചതെന്ന് ബുധനാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. സിനിമ തിയറ്ററുകളില്‍നിന്ന് പിന്‍വലിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇരു കേസുകളും ബുധനാഴ്ച കോടതി പരിഗണിക്കും.

വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്ന് ആരോപിച്ചാണ് സിനിമയെ മമത നിരോധിച്ചത്. ബംഗാളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണു നിരോധനം. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശം നല്‍കിയിരുന്നു.

കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും അതിനാലാണ് സിനിമ നിരോധിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സുകള്‍ റദ്ദാക്കിയിരുന്നു. ചെന്നൈയിലെ പിവിആര്‍ ഉള്‍പ്പെടെയുള്ള തിയറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാവുകയും ടിക്കറ്റ് വില്‍പ്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്.

Read more

സിനിമ പ്രദര്‍ശിക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു തീയറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഉറപ്പ് പാലിക്കപ്പെട്ടില്ല, ചെന്നൈ പിവിആര്‍ തീയറ്ററുകള്‍ക്ക് മുന്നിലെ ലൈറ്റിങ്ങ് ഫ്‌ളക്‌സ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ തകര്‍ത്തു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.