'അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കഴുത്തറക്കണം' ; വിവാദമായി കേന്ദ്ര ഊര്‍ജമന്ത്രിയുടെ പ്രസ്താവന

അഴിമതിക്കാരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഴുത്തറക്കണമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിംഗ്. ബീഹാറിലെ ബോജ്പൂരിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് വേണ്ടി അനുവദിക്കുന്ന ടെണ്ടറുകളില്‍ തിരിമറി കണ്ടെത്തിയാല്‍ അതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ കഴുത്തറക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മന്ത്രി പിന്നീട് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്ന ന്യായീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.

വികസന പദ്ധതികളില്‍ എന്റെ പേരും ഉള്‍പ്പെടുന്നതാണ്. അതുകൊണ്ടുതന്നെ അഴിമതി എന്തെങ്കിലും കണ്ടെത്തിയാല്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കഴുത്ത് ഞാന്‍ അറുക്കും. എല്ലാവരുടെയും പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും ആര്‍.കെ സിംഗ് അഭിപ്രായപെട്ടു.

ബിഹാര്‍ സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടതായിരുന്നു പരിപാടി. മണ്ഡലങ്ങളില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും ടെണ്ടര്‍ നടപടികള്‍ സുതാര്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.