ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. എംപിയ്ക്കായി അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവ് ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് അയച്ചു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിയതിന് ശേഷം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവയ്ക്ക് നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു.
അതേ സമയം ബംഗ്ലാവ് ഒഴിയാന്‍ മുന്‍ എംപി ഇതുവരെ തയ്യാറാകാത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. സ്വമേധയാ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നാണ് ഭവന നിര്‍മ്മാണ നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്റെ നോട്ടീസില്‍ പറയുന്നത്.