പാകിസ്ഥാൻ വറ്റി വരളില്ല, സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ ഉടനടി ബാധിക്കില്ല? ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. അതിൽ ഏറ്റവുമ പ്രധാനപ്പെട്ടതാണ് സിന്ധു നദീജല കരാർ നിർത്തിവെച്ചു എന്നുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിൽ എടുത്ത അഞ്ച് പ്രധാന തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. യുദ്ധക്കാലത്ത് പോലും ഇങ്ങനെയൊരു കടുത്ത തീരുമാനം ഇന്ത്യ എടുത്തിട്ടില്ല.

സിന്ധു നദീജല കരാർ എന്താണ്?

1960 സെപ്റ്റംബർ 19ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ (ഐഡബ്ല്യുടി). 1947ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ, ടിബറ്റിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്നതും അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും ചില ഭാഗങ്ങളെ സ്പർശിക്കുന്നതുമായ സിന്ധു നദീയിലെ വെള്ളം ആർക്ക് എന്നുള്ളത് തർക്കങ്ങൾക്ക് കാരണമായി.

1948ൽ, പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. പിന്നാലെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ഈ വിഷയം അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭ ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ഇത് പരിഹരിക്കാൻ ശുപാർശ ചെയ്തു. അങ്ങനെ ലോകബാങ്കിനെ മധ്യസ്ഥതയ്ക്കായി നിയമിച്ചു.

നീണ്ട ഒൻപത് വർഷത്തെ ചർച്ചകൾക്ക് ശേഷം 1960 ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് സിന്ധു നദീജല കരാറിൽ ഒപ്പുവച്ചു.

സിന്ധു നദീജല ഉടമ്പടി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നൽകി. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാകിസ്ഥാന് നൽകി. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്കായി ഈ നദികളിൽ നിന്നുള്ള ജലത്തിന്റെ 80% വും ഈ ഉടമ്പടി പ്രകാരം പാകിസ്ഥാന് ലഭിക്കുന്നു.

ഇരു രാജ്യങ്ങളുടെയും ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നദിയുടെയും അതിന്റെ പോഷകനദികളുടെയും തുല്യമായ പങ്കിടലിനുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങളും കരാറിൽ ഉൾപ്പെടുന്നു. അതേസമയം ജലസേചനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കായി എതിർ രാജ്യത്തിന് നൽകിയിട്ടുള്ള നദികളുടെ പരിമിതമായ ഉപയോഗം ഇരു രാജ്യങ്ങൾക്കും അനുവദിച്ചിട്ടുണ്ട്.

സിന്ധു നദീജല കരാർ നിർത്തിവയ്ക്കുന്നത് പാകിസ്ഥാനെ ബാധിക്കുന്നത് എങ്ങനെ?

സിന്ധു നദീജല സംവിധാനത്തിൽ നിന്നും അതിന്റെ പോഷക നദികളിൽ നിന്നുമുള്ള ജലം ലഭിക്കാതാകുന്നത് പാകിസ്ഥാനെ സാരമായി ബാധിക്കും. കാരണം പാകിസ്ഥാന്റെ ജല ആവശ്യങ്ങൾക്കും കാർഷിക മേഖലയ്ക്കും സിന്ധുവിലെ ജലമാണ് ഉപയോഗിക്കുന്നത്. ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് നദികൾ ഉൾപ്പെടുന്ന സിന്ധു നദീ ശൃംഖല, 25 കോടിയോളം ജനസംഖ്യയുള്ള പാകിസ്ഥാന്റെ പ്രധാന ജലസ്രോതസ്സാണ്.

പാക്കിസ്ഥാനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് അത്യന്താപേക്ഷിതമായ മൊത്തം ജലപ്രവാഹത്തിന്റെ 80% ലഭിക്കുന്നത് സിന്ധു നദി കരാർ പ്രകാരമാണ്. ജലസേചനം, കൃഷി, കുടിവെള്ളം എന്നിവയ്ക്കായി പാകിസ്ഥാൻ ഈ ജലവിതരണത്തെ ആശ്രയിക്കുന്നു.

പാകിസ്ഥാന്റെ ദേശീയ വരുമാനത്തിൽ 23% സംഭാവന ചെയ്യുന്ന കാർഷിക മേഖലയാണ് അതിന്റെ ഗ്രാമീണ നിവാസികളിൽ 68% പേരുടെയും ജീവിതോപാധി. സിന്ധു നദീതടം പ്രതിവർഷം 154.3 ദശലക്ഷം ഏക്കർ അടി വെള്ളം നൽകുന്നു, ഇത് വിപുലമായ കാർഷിക മേഖലകൾക്ക് ജലസേചനം നൽകുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ജലപ്രവാഹത്തിന് എന്തെങ്കിലും തടസം നേരിടേണ്ടി വന്നാൽ അത് പാകിസ്ഥാന്റെ കാർഷിക മേഖലയെ സാരമായി ബാധിക്കും.

ജലലഭ്യത കുറയുന്നത് വിള വിളവ് കുറയുന്നതിനും, ഭക്ഷ്യക്ഷാമത്തിനും, കൃഷിയെ ആശ്രയിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകും.

ഭൂഗർഭജല ശോഷണം, കൃഷിഭൂമിയിലെ ലവണാംശം, പരിമിതമായ ജല സംഭരണശേഷി തുടങ്ങിയ നിർണായക ജല മാനേജ്‌മെന്റ് പ്രശ്‌നങ്ങൾ എന്നിവ പാകിസ്ഥാൻ നിലവിൽ നേരിടുന്ന പ്രശനങ്ങളാണ്. പാകിസ്ഥാന്റെ ജലസംഭരണ ​​ശേഷി കുറവാണ്. ജല വിതരണം നിർത്തലാക്കുന്നതിലൂടെ ഇത് കൂടുതൽ വഷളാകുന്നു.

സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ ഉടനടി ബാധിക്കില്ല

അതേസമയം ഉടമ്പടി നിർത്തിവച്ചത് കുറച്ച് വർഷത്തേക്കെങ്കിലും പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്കിനെ ഉടനടി ബാധിക്കില്ല. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടഞ്ഞ് അത് തിരിച്ചുവിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇന്ത്യയ്ക്കില്ല എന്നതാണ് കാരണം.

സിന്ധു നദീജല ഉടമ്പടിക്ക് ഒരു അവസാന തീയതി ഇല്ല. അതായത് ഇന്ത്യയ്‌ക്കോ പാകിസ്ഥാനോ ഏകപക്ഷീയമായി അത് നിയമപരമായി റദ്ദാക്കാൻ കഴിയില്ല. കൂടാതെ ഏതൊരു ഭേദഗതിക്കും ഇരു കക്ഷികളുടെയും സമ്മതം ആവശ്യമാണ്. ഈ കരാർ പ്രകാരം തർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രത്യേക കമ്മീഷനും ആർബിട്രേഷൻ കോടതിയും നിലവിലുണ്ട്. എന്നാൽ ഇപ്പോൾ ഈ വ്യവസ്ഥകൾ എല്ലാം കാറ്റിൽ പറത്തിയാണ് ഇന്ത്യ ഉടമ്പടി റദ്ദാക്കിയിരിക്കുന്നത്.

സിന്ധു, ഝലം, ചെനാബ് എന്നീ നദികളിൽ അണക്കെട്ടുകൾ നിർമ്മിക്കുന്നതിൽ നിന്ന് ഇന്ത്യയെ ഈ ഉടമ്പടി വിലക്കുന്നുണ്ട്. ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുന്നത് അർത്ഥമാക്കുന്നത് ഇന്ത്യ ഉടമ്പടിയിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കില്ല എന്നാണ്. കൂടാതെ ജലപ്രവാഹം തടയുന്നതിന് റിസർവോയർ അണക്കെട്ടുകൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്യും.

Read more

എന്നാൽ ഈ നദികളിൽ വലിയ ജലസംഭരണികൾ നിർമ്മിക്കുന്നത്തിനായി വർഷങ്ങളെടുക്കും. പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കുമ്പോൾ അണക്കെട്ടുകൾ നിർമ്മിക്കുന്നത് ഫലപ്രദമാകുന്നതിന് സർവേകളും ധനസഹായവും ആവശ്യമാണ്. അതിനാൽ തന്നെ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാനും നുഴഞ്ഞുകയറ്റം തടയാനും പാകിസ്ഥാനിൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രമാണ് ഇന്ത്യയുടെ ഈ നീക്കം.