കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനം ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴും അതിന്റെ സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. “ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കും. ഹിന്ദി മുഖംമൂടിയാണ്, സംസ്കൃതമാണ് മറഞ്ഞിരിക്കുന്ന മുഖം.” പാർട്ടി പ്രവർത്തകർക്കുള്ള കത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി കേന്ദ്രം ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ ഡിഎംകെ ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഈ ആരോപണം നിഷേധിച്ചു. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിക്കുന്ന മൈഥിലി, ബ്രജ്ഭാഷ, ബുന്ദേൽഖണ്ഡി, അവധി തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകളെ “ആധിപത്യ ഹിന്ദി നശിപ്പിച്ചു” എന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു.
“ആധിപത്യ ഹിന്ദി-സംസ്കൃത ഭാഷകളുടെ അധിനിവേശം മൂലം 25-ലധികം ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകൾ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ പ്രസ്ഥാനം തമിഴിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിച്ചത് അത് സൃഷ്ടിച്ച അവബോധവും വിവിധ പ്രക്ഷോഭങ്ങളും മൂലമാണെന്ന്” ഭരണകക്ഷിയായ ഡിഎംകെ മേധാവി പറഞ്ഞു. വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനാലാണ് തമിഴ്‌നാട് എൻഇപിയെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.