പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഉൾപ്പെടെ 15 ഓളം ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കനാണ് കേന്ദ്ര സർക്കാർ നീക്കം. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും.
വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പാർലമെന്റിൽ പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഡിസംബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്.
വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. നവംബർ 26ന് ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനവും ചേരും.
Read more
വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു കയറിയത്. വയനാട്ടിൽ 2024ലെ രാഹുൽ ഗാന്ധിയുടെ 3,64,422 ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 65 ശതമാനമായി പോളിംഗ് കുറഞ്ഞിട്ടും 622338 വോട്ടുകളാണ് പ്രിയങ്ക സ്വന്തമാക്കിയത്.