മോദി സർക്കാരിന്റെ പ്രചാരകരായി സൈനികരും ഉദ്യോഗസ്ഥരും, ഉത്തരവിറക്കി കേന്ദ്രം; ചട്ടലംഘനമെന്ന് ഖാർഗെ, അപകടകരമായ നീക്കമെന്ന് മുന്നറിയിപ്പ്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാരിന്റെ ഒമ്പതുവർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കേന്ദ്രം തീരുമാനം. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ (സ്പെഷൽ ഓഫീസർ) ആയി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കി.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ രഥയാത്ര നടത്തി ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയാണ്‌ ഉദ്ദേശ്യം. നവംബർ 20 മുതൽ ജനുവരി 25 വരെയാണ് ‘വികസിത് ഭാരത് സങ്കല്പയാത്ര’യെന്ന പേരിൽ രഥയാത്ര നടത്തുക. പ്രത്യേകം തയ്യാറാക്കിയ രഥത്തിലാവും പ്രചാരണയാത്ര. ഇതിനുള്ള തയ്യാറെടുപ്പ്, ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം എന്നിവയാണ് ‘രഥ് പ്രഭാരി’യുടെ ഉത്തരവാദിത്വം.

നിശ്ചിത എണ്ണം ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ട് പന്ത്രണ്ടോളം വകുപ്പുകളിൽ സർക്കാർ നോട്ടീസ് നൽകി. റവന്യൂ, പ്രത്യക്ഷനികുതി വകുപ്പുകളിൽ നിന്ന് 15 ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുള്ള ഉത്തരവ് ധനമന്ത്രാലയം ഒക്ടോബർ 18ന്‌ പുറത്തിറക്കി. രഥയാത്രയിൽ വിതരണം ചെയ്യാനായി, സർക്കാരിന്റെ നേട്ടങ്ങൾ ക്രോഡീകരിച്ചു കഴിഞ്ഞതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഉത്തരവിനെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രചാരക് ആക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നടപടിയെന്നും ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

ഇഡി, ഐടി, സിബിഐ വകുപ്പുകൾക്കു പുറമേ മറ്റുദ്യോഗസ്ഥരെയും ഏജൻസികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും ഔദ്യോഗിക പ്രചാരക് ആക്കുന്ന നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഖാർഗെ പറഞ്ഞു. ഇങ്ങനെപോയാൽ ഭരണം എങ്ങനെ നടക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ ചോദിച്ചു.

സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രസിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണ്. 1964ലെ ചട്ടപ്രകാരം ഒരുസർക്കാർ ഉദ്യോഗസ്ഥനും രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്. സർക്കാർ ഉദ്യോഗസ്ഥർ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സ്വീകാര്യമാണെങ്കിലും അവരെ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയപ്രവർത്തകരാക്കി മാറ്റരുതെന്നും ഖാർഗെ ആവശ്യപ്പെട്ടു.

വാർഷിക അവധിയിൽ പോകുന്ന സൈനികരോട് സർക്കാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ സമയം ചെലവഴിക്കാൻ നിർദേശിച്ചുള്ള ഒക്ടോബർ ഒമ്പതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവും ഖാർഗെ കത്തിൽ പരാമർശിച്ചു. അവധിക്ക് നാട്ടിലേക്ക് പോകുന്ന സൈനികോദ്യോഗസ്ഥർ രാജ്യനിർമാണ പ്രവർത്തനത്തിനായി സാമൂഹികസേവനം ചെയ്യണമെന്ന് കരസേന ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു.

സ്വച്ഛ് ഭാരത് അഭിയാൻ, സമഗ്രവിദ്യാഭ്യാസം, ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ, ആയുഷ്മാൻ ഭാരത് യോജന, ജൻ ഔഷധി കേന്ദ്ര, ദേശീയ പെൻഷൻ പദ്ധതി, അടൽ പെൻഷൻ യോജന, കന്നുകാലി ഇൻഷുറൻസ്, ദേശീയാരോഗ്യ പദ്ധതി, ഗ്രാമജ്യോതി യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കണമെന്നായിരുന്നു സൈനിക ഉത്തരവ്. സർക്കാരിന്റെ ചെറുധാന്യ ബോധവത്കരണ പദ്ധതിയായ ശ്രീ അന്നയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്താനും ചെറുധാന്യം കഴിക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രയത്നിക്കണമെന്ന് കേന്ദ്ര പോലീസ് സേനയും ഈയിടെ ഉത്തരവിറക്കിയിരുന്നു.

സായുധസേനയെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തേണ്ടത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് ഖാർഗെ പ്രതികരിച്ചു. സർക്കാർ പദ്ധതികളുടെ മാർക്കറ്റിങ് ഏജന്റുമാരാകാൻ സൈനികരെ നിർബന്ധിക്കുന്നത് സായുധസേനയെ രാഷ്ട്രീയവത്‌കരിക്കുന്നതിനുള്ള അപകടകരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോ വർഷങ്ങളോ രാഷ്ട്രത്തിന് വേണ്ടിയുള്ള കഠിനമായ സേവനത്തിനു ശേഷം ജവാന്മാർക്ക് വാർഷിക അവധിയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഖാർഗെ പറഞ്ഞു.

എന്നാൽ, സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നാണ് ബിജെപിയുടെ വിശദീകരണം. വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ നേരത്തേമുതൽ കേന്ദ്രസർക്കാർ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. 2019ലും 2020ലും ഇത്തരത്തിലുള്ള ഉത്തരവുകൾ ഇറങ്ങിയിരുന്നു. എന്നാൽ, വലിയതോതിൽ ഉന്നതോദ്യോഗസ്ഥരെ മൂന്നുമാസത്തോളം പ്രചാരണ പരിപാടിക്കായി വിന്യസിക്കുന്നത് ഇതാദ്യമായാണെന്ന് കേന്ദ്ര സർക്കാരുദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍