കോയമ്പത്തൂർ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ കാലപ്പെട്ടി സ്വദേശി ഫൈസല്‍ ആണ് വഹാനം ഓടിച്ചത്.
ഫൈസല്‍ ഓടിച്ച കാര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന നാടോടി സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാറില്‍ കുരുങ്ങിയ സ്ത്രീയുമായി കാര്‍ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെയാണ് മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാര്‍ നിര്‍ത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഓടിച്ച യുവാവിനെ പിടികൂടിയത്.
പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവതിയെ കാറില്‍ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്ന് പൊലീസ് കണ്ടെത്തിയത്.
സെപ്റ്റംബര്‍ ആറാം തീയതി പുലര്‍ച്ചെയാണ് അവിനാശി റോഡില്‍ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങി തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ ഒരു എസ്.യു.വില്‍നിന്ന് സ്ത്രീയുടെ മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ 12 കിലോമീറ്റര്‍ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.