ഹണിമൂൺട്രിപ്പ് ഗോവയിലേക്ക് വാഗ്ദാനം നൽകിയിട്ട് അയോധ്യയിലേക്ക് കൊണ്ടുപോയ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിൽ പോകാമെന്ന് വാഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കുമാണ് ഭർത്താവ് കൊണ്ടുപോയത്. ഇതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ തീരുമാനം. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് അഞ്ചുമാസത്തെ വിവാഹ ജിവിതത്തോടെ വിവാഹമോചനം ആവശ്യപ്പെട്ടത്.
യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷമാണ് യുവതി വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്. ഇരുവരും നല്ല ശമ്പളത്തിൽ ജോലിചെയ്യുന്നവരാണ്. ഹണിമൂൺ ആഘോഷത്തിനായി വിദേശത്ത് പോകാൻ വരെ സാമ്പത്തിക സ്ഥിതിയുണ്ട്.എന്നാൽ മാതാപിതാക്കളെ പരിചരിക്കണം എന്ന് പറഞ്ഞാണ് ഭർത്താവ് വിദേശയാത്ര വേണ്ടെന്ന് വച്ചതെന്ന് യുവതി പറയുന്നു.
പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദർശിക്കാമെന്ന് ഭർത്താവ് വാഗ്ദാനം നൽകി. എന്നാൽ, ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസം ഇയാൾ ഭാര്യയോട് പറഞ്ഞതായാണ് വിവരം.
യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്.ഭർത്താവ് തനിക്ക് നൽകുന്ന പരിഗണനയേക്കാൾ കൂടുതൽ കുടുംബാംഗങ്ങൾക്ക് നൽകുന്നുവെന്നും ഭാര്യ ആരോപിച്ചു. ഭാര്യ അനാവശ്യമായ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുകയാണെന്നാണ് ഭർത്താവിന്റെ പരാതി. ദമ്പതികൾ ഭോപ്പാൽ കുടുംബ കോടതിയിൽ കൗൺസിലിംഗിലാണ്.