നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെതിരെ ആക്രമണശ്രമം. കേസിലെ അവസാന ഹര്‍ജിയും തള്ളിയതിന് പിന്നാലെ സുപ്രീംകോടതിക്ക് പുറത്തെത്തിയ എ പി സിംഗിനെ മറ്റൊരു അഭിഭാഷക ചെരുപ്പൂരി അടിക്കാനാണ് ശ്രമിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്.
എ പി സിംഗ് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുവരെയാണ് സഹായിക്കുന്നത്. ഇങ്ങനെയുള്ളവരെ കോടതിയില്‍ കയറാന്‍ അനുവദിക്കരുത് എന്നുള്ള പ്രതിഷേധ വാക്കുകള്‍ ഉയര്‍ത്തിയാണ് ഇവര്‍ എ പി സിംഗിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
അതേസമയം കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.