ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തെ നിയമ കോളേജുകളിൽ സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ പിന്തുണയ്ക്കുകയും ചെയ്തു.
ജുഡീഷ്യറിയിലും ലോ കോളേജുകളിലും സംവരണം സ്ത്രീകളുടെ അവകാശമാണ്. അത് ആവശ്യപ്പെടാൻ സ്ത്രീകൾക്ക് അർഹതയുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഞായറാഴ്ച പറഞ്ഞു. എൻ വി രമണയ്ക്കും പുതുതായി നിയമിതരായ ഒൻപത് ജഡ്ജിമാർക്കും അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ച സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
“ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷ്യറിയുടെ താഴത്തെ തലങ്ങളിൽ ജഡ്ജിമാരായ സ്ത്രീകൾ 30 ശതമാനത്തിൽ താഴെയാണ്. ഹൈക്കോടതികളിൽ ഇത് 11.5 ശതമാനമാണ്. സുപ്രീം കോടതിയിൽ 11-12 ശതമാനം മാത്രമാണ് സ്ത്രീകൾ,” അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ. 15 ശതമാനം മാത്രമാണ് സ്ത്രീകൾ. സംസ്ഥാന ബാർ കൗൺസിലുകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ രണ്ട് ശതമാനം മാത്രമാണ് സ്ത്രീകൾ. എന്തുകൊണ്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിക്ക് ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തത് എന്ന പ്രശ്നം ഞാൻ ഉന്നയിച്ചു.” അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ അടിയന്തിരമായി തിരുത്തേണ്ടതുണ്ട്, ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അസുഖകരമായ ജോലി സാഹചര്യങ്ങൾ, സ്ത്രീ ശുചിമുറികളുടെ അഭാവം, ജോലി ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കായുള്ള സംരക്ഷണ ശാല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ വനിതാ അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ചൂണ്ടികാണിച്ചു.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും. മാറ്റങ്ങൾ വരുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പെൺമക്കൾ ദിനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും പെൺമക്കൾ ദിനാശംസകൾ നേരുന്നു. തീർച്ചയായും … ഇത് ഒരു അമേരിക്കൻ ചടങ്ങ് ആണ്, എന്നാൽ ലോകമെമ്പാടുമുള്ള ചില നല്ല കാര്യങ്ങൾ നമ്മൾ ആഘോഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.