ഉത്തര്‍പ്രദേശില്‍ ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണെന്ന നിഗമനത്തില്‍ പൊലീസ്. യുപിയിലെ ബറേലിയിലാണ് ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് നഗരത്തില്‍ കൊലപാതക പരമ്പര ആരംഭിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കുറ്റവാളിയുടെ ഇരകള്‍. ശ്വാസം മുട്ടിച്ചാണ് എല്ലാ സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് പതിവ് രീതി.
അതേ സമയം മൃതദേഹങ്ങളില്‍ മോഷണ ശ്രമത്തിന്റെയോ ലൈംഗികാതിക്രമങ്ങളുടെയോ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ബറേലി നഗരത്തിലെ ഷാഹി, ഫത്തേഹ്ഗഞ്ച്, ഷീഷ്ഗഢ് എന്നീ പ്രദേശങ്ങളിലാണ് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിയെ പിടികൂടാനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.