അഖാഡയില്‍ ഇറങ്ങി ഒരു കൈ നോക്കി രാഹുല്‍ ഗാന്ധി; ഗുസ്തിക്കാര്‍ക്കൊപ്പം ബജ്‌റേ കി റോട്ടിയും തൈരും പ്രഭാത ഭക്ഷണം; പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ക്ക് പിന്തുണ അറിയിച്ച് സന്ദര്‍ശനം

റെസ്ലിംഗ് ഫെഡറേഷനും ഗുസ്തി താരങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ഗുസ്തിക്കാരുടെ അഖാഡയിലെത്തിയാണ് (ഗോദ) രാഹുല്‍ ഗാന്ധി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. ഗുസ്തി ഫെഡറേഷന്‍ തലപ്പത്തിരുന്ന ബിജെപി എംപിയായ ബ്രിജ് ഭൂഷണിനെതിരെ താരങ്ങള്‍ ലൈംഗിക ആരോപണങ്ങളുയര്‍ത്തിയിട്ടും എംപിയെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന്‍ സഞ്ജയ് കുമാര്‍ സിംഗ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായതോടെ പ്രതിഷേധം കനപ്പിച്ച ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ലൈംഗിക പീഡനം നേരിട്ടവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഗുസ്തിക്കാരുടെ പോരാട്ടത്തില്‍ എല്ലാ പിന്തുണയും അറിയിച്ചാണ് ഹരിയാനയിലെ ഗുസ്തി ഗോദയിലേക്ക് രാഹുല്‍ ഗാന്ധിയെത്തിയത്. രാവിലെ 6.15ലോടെ അഘാഡയിലെത്തിയ രാഹുലിനെ കണ്ട് ഗുസ്തി താരങ്ങള്‍ അത്ഭുതപ്പെട്ടു. ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയയുമായി രാഹുല്‍ ഗാന്ധി ഇവിടെവെച്ച് കൂടിക്കാഴ്ച നടത്തി. നേരത്തെ ബിജെപി എംപി ബ്രിജ് ഭൂഷണിനെതിരെ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുകയും ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിക്കാരെ പരിഹസിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും ഗുസ്തി താരങ്ങള്‍ രാജ്യം നല്‍കിയ ബഹുമതിയും മെഡലുകളും വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണിന്റെ തന്നെ അനുയായി ആവുകയും തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ നിലപാടിന്റെ അടയാളമായി ബജ്രംഗ് പുനിയ ലഭിച്ച പത്മശ്രീ പുരസ്‌കാരം ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പാതയിലെ നടപ്പാതയില്‍ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതമായത്.

താരങ്ങളും ഫെഡറേഷനും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ധാര്‍മ്മിക പിന്തുണ അറിയിക്കാനാണ് രാഹുല്‍ ഗാന്ധി അഖാഡയിലെത്തിയത്. ഹരിയാനയിലെ പ്രമുഖ ഗുസ്തിക്കാരെ രാഹുല്‍ സന്ദര്‍ശിച്ചു. ഗുസ്തിക്കാരുടെ ദൈനംദിന കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബംജ്‌റംഗ് പൂനിയ പ്രതികരിച്ചു. രാഹുല്‍ ഗോദയില്‍ തങ്ങള്‍ക്കൊപ്പം ഗുസ്തി ചെയ്തതായും അദ്ദേഹത്തിന് ജിയു ജിട്‌സുവിലുള്ള പ്രാവീണ്യം ഗോദയില്‍ പ്രകടിപ്പിച്ചുവെന്നും പുനിയ വ്യക്തമാക്കി. ഗുസ്തിക്കാര്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു രാഹുല്‍ ഗാന്ധി. ബജ്‌റേ കി റോട്ടിയും ഹരാ സാഗും തൈരുമായിരുന്നു വിഭവങ്ങള്‍. സന്ദര്‍ശന ശേഷം രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.

ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തില്‍ ചേരാന്‍ ഈ ആളുകള്‍ക്ക് അഖാഡയിലെ ഗുസ്തി ഉപേക്ഷിക്കേണ്ടിവന്നാല്‍, ഈ പാത തിരഞ്ഞെടുക്കാന്‍ അവരുടെ കുട്ടികളെ ആരാണ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ചോദ്യം. ഈ ആളുകള്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ ലളിതമായി ജീവിക്കുന്ന ആളുകളാണ്, അവരെ ത്രിവര്‍ണ്ണ പതാകയെ സേവിക്കാന്‍ അനുവദിക്കൂ.

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി. എംപിയുമായ ബ്രിജ്ഭൂഷണിന്റെ അനുയായികളെ തന്നെ പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തതിനെതിരെ ബജ്രംഗ് പുനിയ തന്റെ പത്മശ്രീ തിരികെ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുനിയ പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്.

ഗുസ്തി ഫെഡറേനിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് ഗുസ്തിതാരം സാക്ഷി മാലിക്ക് ഇനി ഗുസ്തി വേദിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും എഴുതിയതോടെ വീണ്ടും ഗുസ്തി ഫെഡറേഷനിലെ പ്രശ്‌നങ്ങള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പിന്തുണ അറിയിച്ച് ഗുസ്തി താരങ്ങളെ അഖാഡയിലെത്തി കണ്ടത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍