മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരെ ലോക്ക്ഡൗണിനിടെ പ്രതിഷേധിച്ചത്തിനു ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടിയേറ്റ തൊഴിലാളികളെ വീടുകളിൽ എത്തിക്കാൻ സഹായിക്കുന്നതിന് സായുധസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഘട്ടിൽ ധർണയിൽ ഇരിക്കുകയായിരുന്നു അവർ.
അറസ്റ്റിലായ ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹ സോഷ്യൽ മീഡിയ വഴി ജനങ്ങളെ വിവരം അറിയിച്ചു.
ഇവരെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രവും സംസ്ഥാന അധികാരികളും കുടിയേറ്റ തൊഴിലാളികളെ റോഡുകളിൽ നടക്കാൻ നിർബന്ധിതരാക്കിയെന്നും ചിലർ ഇതേ തുടർന്ന് മരിച്ചുവെന്നും നരേന്ദ്രമോദി സർക്കാരിനെ നിശിതമായി വിമർശിക്കാറുള്ള യശ്വന്ത് സിൻഹ പറഞ്ഞു.
ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ധർണ്ണ തുടരുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.
പ്രതിഷേധത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആം ആദ്മി പാർട്ടിയുടെ തിമാർപൂർ എംഎൽഎ ദിപിൽ പാണ്ഡെ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.