പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ.
രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷത്ത് യശ്വന്ത് സിൻഹയുടെ പേര് പരിഗണനയിൽ എത്തിയത്. നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനാണ് സിൻഹ. സ്ഥാനാർഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂലിൽനിന്നു രാജിവയ്ക്കണമെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണ് സിൻഹയുടെ പേരു പരിഗണിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ തന്നെ സിൻഹയുടെ പേരു സൂചിപ്പിച്ചിരുന്നു. സ്ഥാനാർഥി വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ ഇന്നു 2.30ന് യോഗം ചേരും.
സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിൻമാറിയതിനെ തുടർന്നാണ് ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് പരിഗണനയിലെത്തിയത്. എന്നാൽ ടി.ആർ.എസ്, ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. തുടർന്നാണ് ഗോപാൽ കൃഷ്ണ ഗാന്ധി പിൻമാറിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണു പങ്കെടുത്തത്. ക്ഷണമുണ്ടായിരുന്നതിൽ ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലിദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ വിട്ടു നിന്നിരുന്നു.