വിട പറഞ്ഞ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം പഠനാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കും. ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കാണ് ഭൗതികശരീരം വിട്ടുനല്‍കുക. ഇന്ന് എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം 14ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ശരീരം ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെ പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം മൃതദേഹം എയിംസിലേക്ക് മാറ്റുമെന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ യെച്ചൂരിയുടെ വിയോഗം കണക്കിലെടുത്ത് പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി.
ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസം മുന്‍പ് യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ നില വീണ്ടും വഷളായതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Read more
ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. 2015ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും സിപിഎമ്മിന്റെയും താര പ്രചാരകനായിരുന്നു സീതാറാം യെച്ചൂരി.