ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് 6 മാണി മുതൽ ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് പൊതുദർശനം നടക്കുന്നത്. ശേഷം നാളെ രാവിലെ 11 മണി മുതൽ എകെജി ഭവനിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
അവിടെ പൊതുദർശനം മൂന്ന് മണി വരെ നീളും. ശേഷം വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടർന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസം മുൻപ് യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു .എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ നില വീണ്ടും വഷളായതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. 2015ൽ പ്രകാശ് കാരാട്ട് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെയും സിപിഎമ്മിന്റെയും താര പ്രചാരകനായിരുന്നു സീതാറാം യെച്ചൂരി.