യോഗാഭ്യാസം ജനങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
യോഗ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ജീവിതത്തില്‍ ശാന്തിയും സമാധാനവും കൊണ്ടു വരാന്‍ യോഗ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാന്‍ യോഗ സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലേയ്ക്കും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി അറിയിച്ചു.
യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ പേര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗാഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ യോഗ ദിനാചരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്. യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥനാ രീതിയോ അല്ലെന്നും, യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാഞ്ചിക്ക് പുറമെ ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ രാജ്പഥിലാണ് യോഗാദിനത്തോട് അനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.