പക്ഷിയിടിച്ചു; യോ​ഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. ഉടൻ തന്നെ ഹെലികോപ്റ്റർ താഴെ ഇറക്കിയതിനാൽ അപകടം ഒഴിവായി. ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്.ഹെലികോപ്റ്റർ വാരണാസിയിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വാരണാസിയിലെ പോലീസ് ലൈനിൽ നിന്ന് ഹെലികോപ്റ്ററിൽ ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെയാണ് അപകടം.

പൈലറ്റ് അടിയന്തര ലാൻഡിംഗ് ഉറപ്പാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് വാരണാസി കൗശൽ രാജ് ശർമ്മ പറഞ്ഞു. പിന്നീട് സംസ്ഥാന വിമാനത്തിൽ ലഖ്‌നൗവിലേക്ക് പോകുന്നതിനായി മുഖ്യമന്ത്രി റോഡ് മാർഗം എൽബിഎസ്ഐ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ വിമാനങ്ങളിൽ പക്ഷിയിടിച്ചിരുന്നു. ചിറകിൽ തീ കണ്ടെത്തിയതിനെ തുടർന്നാണ് പറന്നുയർന്ന സ്‌പൈസ് ജറ്റ് വിമാനം പാട്നയിൽ തിരിച്ചിറക്കിയത്.

വിമാനത്തിന്റെ ഇടത് ചിറകിനാണ് തീ പിടിച്ചത്. ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിംഗ് 727 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ചിറകിൽ പക്ഷിയിടച്ചതാണ് കാരണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 185 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 185 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.

ജബൽപൂരിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനവും പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനവും ടേക്ക്ഓഫിന് ശേഷം പക്ഷി ഇടിച്ചതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു.