ഉത്തര്‍പ്രദേശില്‍ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ രജിസ്‌ട്രേഷനും അംഗീകാരവും ഇല്ലാത്ത മദ്രസകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. മുസഫര്‍ ജില്ലയിലെ മദ്രസകളാണ് പ്രധാനമായും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുസഫര്‍ ജില്ലയില്‍ മാത്രം അംഗീകാരമില്ലാത്ത നൂറോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം മദ്രസകള്‍ ഉടന്‍ പൂട്ടിയില്ലെങ്കില്‍ ദിവസം പതിനായിരം രൂപ പിഴ അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടകം 12 മദ്രസകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതായാണ് വിവരം. മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറാണെന്ന് മുസഫര്‍ നഗറിലെ പ്രാഥമിക ശിക്ഷ അധികാരി ശുഭം ശുക്ല അറിയിച്ചു.
അംഗീകാരമില്ലാത്ത നൂറോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായി മുസഫര്‍ നഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചു. അംഗീകാരമില്ലാത്ത മദ്രസകളോട് രജിസ്റ്റര്‍ ചെയ്യാന്‍ അറിയിച്ചതായും അതിനുള്ള നടപടി ക്രമങ്ങള്‍ പ്രയാസമേറിയതല്ലെന്നും ശുഭം ശുക്ല കൂട്ടിച്ചേര്‍ത്തു. അതേ സമയം മുസഫര്‍ നഗറിലെ മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് ചില പ്രത്യേക മത വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജാമിയത്ത് ഉലേമ ഇ ഹിന്ദ് ഉത്തര്‍പ്രദേശ് സെക്രട്ടറി ഖാരി സാക്കിര്‍ ആരോപിച്ചു.