ഗംഗ മലിനമാണെന്ന് യോഗിക്ക് അറിയാം, അതിനാൽ മുങ്ങിക്കുളിച്ചില്ല: അഖിലേഷ് യാദവ്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗയിൽ മുങ്ങാതിരുന്നത് നദി വൃത്തിഹീനമാണെന്നറിയാവുന്നത് കൊണ്ടാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ഗംഗ ശുചീകരണത്തിനായി ബിജെപി കോടികൾ ചെലവഴിച്ചു. എന്നാൽ ഗംഗ മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം മുങ്ങിക്കുളിക്കാതിരുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

“ഗംഗ മാതാവ് എന്നെങ്കിലും വൃത്തിയാക്കപ്പെടുമോ എന്നതാണ് ചോദ്യം? ഫണ്ടുകൾ ഒഴുകിപ്പോയി, പക്ഷേ നദി വൃത്തിയാക്കിയിട്ടില്ല,” അഖിലേഷ് യാദവ് പറഞ്ഞു.

വാരണാസിയിൽ ആളുകൾ അവരുടെ അവസാനദിനങ്ങൾ ചെലവഴിക്കാനാണ് വരുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഖിലേഷ് യാദവ് നേരത്തെ പരിഹസിച്ചിരുന്നു. “ബനാറസ് തങ്ങാനുള്ള ഇടമാണ്. ആളുകൾ അവരുടെ അവസാന ദിനങ്ങൾ ബനാറസിൽ ചെലവഴിക്കുന്നു,” പ്രധാനമന്ത്രി മോദിയുടെ വാരണാസി സന്ദർശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, അഖിലേഷ് യാദവ് ഇറ്റാവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന മത്സരാർത്ഥികളായ എസ്പിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാക്ക് പോരിലെ ഏറ്റവും ഒടുവിലത്തേതാണ് അഖിലേഷിന്റെ യാദവിന്റെ ചൊവ്വാഴ്ചത്തെ അഭിപ്രായങ്ങൾ.

പ്രധാനമന്ത്രി മോദിയും എസ്പിയെ കടന്നാക്രമിച്ചിരുന്നു. ചുവപ്പ് (എസ്പിയുടെ തൊപ്പിയുടെ നിറം) യുപിക്ക് അപകടത്തെ സൂചിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞിരുന്നു.