ഡല്‍ഹിയില്‍ മദ്യം വാങ്ങാനും ആധാര്‍, നിയമം പരിഷ്കരിച്ചേക്കും

ഡല്‍ഹിയില്‍ മദ്യം വാങ്ങണമെങ്കില്‍  ആധാര്‍ കാണിക്കേണ്ടി വന്നേക്കാം. 25 ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മദ്യം വാങ്ങാന്‍ നിയമം അനുവദിക്കുന്നതെങ്കിലും പ്രായം കുറഞ്ഞവര്‍ക്കും മദ്യം സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് സിഎഡിഡി എന്ന എന്‍ജിഒ ഇങ്ങനെയൊരു നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. ഈ നിര്‍ദ്ദേശങ്ങളെ സംബന്ധിക്കുന്ന പ്രാഥമിക രൂപരേഖ തയാറാക്കാന്‍  ഡല്‍ഹി എക്സൈസ് കമ്മീഷണര്‍ അംജദ് ടാസ്‌ക് എന്‍ജിഒ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയിലെ എല്ലാ ബിവറേജ്സ് ഔട്ട്ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം കണക്കാക്കാനുള്ള നിര്‍ബന്ധിത സംവിധാനം കൊണ്ടുവരണം. 25 വയസില്‍ താഴെ പ്രായമുള്ളവരാണ് മദ്യം വാങ്ങാനെത്തിയെന്ന് തോന്നിയാല്‍ ബയോമെട്രിക് സംവിധാനമോ ഇലക്ഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തണം.

ആരെങ്കിലും 25 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വിറ്റുവെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക് 50,000 രൂപ പിഴയും 3 മാസം ജയില്‍ ശിക്ഷയും നല്‍കുക. വ്യാജതിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് മദ്യം വാങ്ങിയതായി തെളിഞ്ഞാല്‍ 10,000 രൂപയും പിഴ നല്‍കുക. മൈനറിന് മദ്യം വിറ്റതായി തെളിഞ്ഞാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും മൂന്ന് മാസത്തിനകം സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യുക എന്നിവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്താല്‍ ഭാവിയില്‍ മദ്യം വാങ്ങണമെങ്കില്‍ ആധാറോ വയസ് തെളിയിക്കുന്ന മറ്റ് രേഖകളോ കയ്യി്ല്‍ കരുതേണ്ടി വരും.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുന്ന സംഘടനയാണ് സിഎഡിഡി. ഡെല്‍ഹിയിലെ ബാറുകളില്‍  25വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ 18 നും 25 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ നിന്ന് ബാറില്‍ നിന്നോ ഹോട്ടലില്‍ നിന്നോ മദ്യം ലഭിക്കുന്നുണ്ടെന്ന് എന്‍ജിയോയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നു.