ശ്മ‌ശാനത്തിൽ ബ്ലാക്ക് മാജിക്കുമായി യുവാവ്, വീഡിയോ സോഷ്യൽ മീഡിയയിൽ; പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ഗുജറാത്തിൽ ആദ്യ അറസ്റ്റ്

ദുർമന്ത്രവാദങ്ങൾക്കെതിരെ ഗുജറാത്ത് നിയമസഭാ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. അമാനുഷികനെന്ന് അവകാശപ്പെട്ട് ശ്മ‌ശാനത്തിൽ അനാചാരങ്ങളും ബ്ലാക്ക് മാജിക്കും നടത്തിയ 29കാരനായ യുവാവിനെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം പാസാക്കി രണ്ട് മാസങ്ങൾക്കുള്ളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

നരബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ, അഘോരി ആചാരങ്ങൾ, ബ്ലാക്ക് മാജിക് എന്നിവക്കെതിരായാണ് പുതിയ നിയമം. രാജ്കോട്ട് ജില്ലയിലെ ധോരജ് നഗരത്തിലെ ഒരു ശ്മ‌ശാനത്തിൽ ദുർമന്ത്രവാദങ്ങൾ നടത്തുന്ന ഒരു വിഡിയോ ഈ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശ്വിൻ മക്വാന എന്ന യുവാവ് പിടിയിലാകുന്നത്. ശുചീകരണ തൊഴിലാളിയാണ് അശ്വിൻ.

കുമ്പർവാദ മേഖലയിൽ മുനിസിപ്പാലിറ്റി നടത്തുന്ന ശ്‌മശാനത്തിൽ വച്ചാണ് ഈ യുവാവ് ബ്ലാക്ക് മാജിക് നടത്തിയത്. ചിതയ്ക്ക് ചുറ്റും വട്ടമിടുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്നത് ഇയാൾ പങ്കുവച്ച വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ഇയാൾ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും പൊതുമധ്യത്തിലേക്ക് ഇത്തരമൊരു വിഡിയോ പങ്കുവക്കുന്നത് ആദ്യമാണെന്നും അറസ്‌റ്റിനു ശേഷം അശ്വിൻ പറയുന്നു.

സംസ്‌ഥാനത്ത് ദുർമന്ത്രവാദങ്ങൾക്കെതിരെ പ്രാബല്യത്തിൽ വന്ന നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള ആദ്യ അറസ്‌റ്റാണെന്ന് പൊലീസ് ഇൻസ്പെക്‌ടർ ആർജെ ഗോധം പറഞ്ഞു. ആഗസ്റ്റ് 21നാണ് ഗുജറാത്ത് അസംബ്ലി, മന്ത്രവാദവും മറ്റ് അന്ധവിശ്വാസങ്ങളും മനുഷ്യത്വരഹിതമായ ആചാരങ്ങളും തടയുന്നതിനുള്ള ബിൽ പാസാക്കിയത്.