മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ച പ്രധാനമന്ത്രിയെ ഉപദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയാണ്. കുറച്ച് വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ മരണത്തില്‍ എങ്ങനെ അനുശോചിക്കണം എന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയായിരുന്നു. ഞാന്‍ എന്റെ അമ്മയേയും ഓര്‍ത്തുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മമത പ്രധാനമന്ത്രിയെ ഉപദേശിച്ചത്.
എന്നാല്‍, പരിപാടിക്കിടെ സദസില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചത് മമതയെ അസ്വസ്ഥയാക്കി. ഹൗറയെയും ന്യൂ ജല്‍പയ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പ്രതിഷേധിച്ച് വേദിയില്‍ കയറാതിരുന്നത്.
പരിപാടിയുടെ വേദിയില്‍ കയറാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി സദസിലിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മമത വഴങ്ങിയില്ല. തുടര്‍ന്ന് വേദിക്ക് അരികില്‍ നിന്നാണ് അവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
മാതാവ് അന്തരിച്ചെങ്കിലും നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന ചടങ്ങുകള്‍ ഒന്നും നരേന്ദ്ര മോദി മുടക്കം വരുത്തിയില്ല. നിശ്ചയിച്ച പ്രകാരം രാവിലെ 11.30ന് പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായാണ് അദേഹം ഉദ്ഘാടനം ചെയ്തത്. ഏറ്റവും തിരക്കേറിയ റൂട്ടായ ഹൗറ-ന്യൂ ജല്‍പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്‍വീസ് നടത്തുക.വന്ദേമാതരം എന്ന വാക്കുകള്‍ പിറന്ന നാടിന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് വന്ദേഭാരതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചതോടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായ കൊല്‍ക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും.. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ഉണ്ടാവുക. ഏഴരമണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലെത്തും, വടക്കന്‍ ബംഗാള്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അധ്യഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു. 7.45 മണിക്കൂര്‍ കൊണ്ട് 564 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് ട്രെയിന്‍ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍സോയ്, മാള്‍ഡ, ബോള്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റോപ്പുകളുണ്ടാകും.
വടക്കന്‍ ബംഗാളിലെയും സിക്കിമിലെയും ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍, തേയില വ്യവസായ എക്സിക്യൂട്ടീവുകള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പുതിയ ട്രെയിന്‍ ഉപകാരപ്പെടും. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനില്‍ ഡ്രൈവര്‍മാര്‍ക്കുള്ള രണ്ട് കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകളാണുള്ളത്.