'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

തന്നെക്കുറിച്ചും ഭാര്യയെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചരണമുണ്ടായി.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന്റെ വീഡിയോകൾ രാജ്യത്താകമാനം ചർച്ചയായതിന് പിന്നാലെയാണ് ധ്രുവ് റാഠിക്കെതിരെ ആരോപണങ്ങൾ ഉണ്ടായത്. ധ്രുവ് ജനിച്ചത് പാകിസ്ഥാനിലെ ലാഹോറിൽ ആണെന്നും കറാച്ചിയിൽ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ താമസിക്കുന്ന ഇവർക്ക് പാകിസ്ഥാൻ സൈന്യത്തിന്റെയും ഐഎസഐയുടെയും സെഡ് പ്ലസ് സെക്യൂരിറ്റി ഉണ്ടെന്നും തുടങ്ങി നട്ടാൽ കുരുക്കാത്ത നുണകളാണ് ബിജെപിയുടെ സൈബറിടങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’- ധ്രുവ് ചോദിച്ചു.

ദേശീയ മാധ്യമങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും അടുത്തിടെ വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി. മോദിയുടെ മുഖ്യ വിമർശകനായ ധ്രുവ്, തന്റെ ചാനലിന് 18 ദശലക്ഷം സബ്സ്ക്രൈബർമാർ ആയതിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ ഹിന്ദിക്ക് പുറമെ അഞ്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരിന്നു. സൈബർ ലോകത്ത് കൂടുതൽ ജനകീയമായതോടെയാണ് മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ അടക്കം അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ‘ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ആ വീഡിയോ ഇതിനകം രണ്ടേമുക്കാൽ കോടിയിലേറെ പേരാണ് കണ്ടത്.

തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് ധ്രുവ് പുറത്തിറക്കിയ വീഡിയോയും വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഔഷധ വ്യവസായവും സർക്കാരും തമ്മിലുള്ള ബന്ധം, മോദി വേഴ്‌സസ് ഫാർമേഴ്‌സ്, ‘ദ കേരള സ്റ്റോറി’ സിനിമ, ലഡാക്ക് വിഷയം, കർഷക സമരം, രാമക്ഷേത്രം, മണിപ്പൂർ തുടങ്ങി ഇസ്രയേൽ ഗാസ സംഘർഷവും പാകിസ്താനിലെ പ്രശ്നങ്ങളുമടക്കം ധ്രുവിന്റെ വീഡോയോകളിലെ ചർച്ചാ വിഷയങ്ങളായിരുന്നു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗണ്ട സിനിമ പ്രചരിപിച്ച കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബർ മലയാളികൾക്ക് ഉൾപ്പെടെ കൂടുതൽ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്.

ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷമാണ് ഈ മേഖലയിലെത്തിയത്. 2014ൽ ട്രാവൽ വ്ളോഗാറായാണ് ധ്രുവിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന തരത്തിലേക്ക് ചാനൽ മാറി. പത്ത് വർഷം കൊണ്ട് ചാനൽ 18 മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചു. ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് തന്റെ മാധ്യമ ദർശനമായി ധ്രുവ് റാഠി എടുത്തുപറയുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷത്തേക്കാൾ ഉറച്ച ശബ്ദമാണ് ധ്രുവിന്റേതെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങളുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ ‘ഗോദി മീഡിയ’കളാകുന്ന ഈ കാലഘട്ടത്തിൽ ധ്രുവ് റാഠിയെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങൾ വലിയ പ്രതീക്ഷകളാണ് രാജ്യത്തിന് നൽകുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ