ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മ്മിളയെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
ഇതോടെ ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചു. ശര്‍മ്മിളയിലൂടെ ആന്ധ്രയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഉടച്ചുവാര്‍ക്കലിന് കരുത്തുറ്റ കരങ്ങള്‍ വേണമെന്ന് പാര്‍ട്ടിയ്ക്കറിയാം.
തെലുങ്ക് നാട്ടില്‍ സുപരിചതയായ വൈഎസ് ശര്‍മ്മിളയ്ക്ക് നിലവില്‍ തെലങ്കാനയില്‍ ബിആഅര്‍എസിനെ തോല്‍പ്പിച്ച് സര്‍ക്കാരുണ്ടാക്കാനായ കോണ്‍ഗ്രസ് നേതൃത്വത്തെ പോലെ ഇപ്പോഴുണ്ടായ അനുകൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. നേരത്തെ ജഗന് അനുകൂലമായി തിരഞ്ഞെടുപ്പ് പിടിച്ചെടുത്തു നല്‍കിയതില്‍ ശര്‍മ്മിളയുടെ പങ്കും അവരുടെ പദയാത്രയും വലുതായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ കോണ്‍ഗ്രസിന്റെ അതികായനായ വൈഎസ്ആറിനുള്ള സ്വാധീനം മകളിലൂടെ ഉറപ്പിച്ച് നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
2012ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിച്ചിട്ടില്ലാത്ത കാലത്താണ് വൈഎസ്ആറിന്റെ മകള്‍ തെലുങ്ക് നാട്ടില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി എതിരഭിപ്രായം ഉണ്ടായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് വൈഎസ്ആര്‍സിപി രൂപീകരിച്ചു.
ജഗനൊപ്പം 18 എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംപിയും രാജിവച്ചുത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി. പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ജഗന്‍ തടവറയില്‍ കിടന്നപ്പോള്‍ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശര്‍മിളയും വൈഎസ്ആര്‍സിപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.
ശര്‍മ്മിളയുടെ 3000 കിലോമീറ്റര്‍ ദൂരം പദയാത്ര ജഗന് അനുകൂലമായി ജനമനസ് ഉറപ്പിച്ചു നിര്‍ത്തിയതിന് പിന്നാലെ മുഖ്യമന്ത്രി കസേരയില്‍ വൈഎസ്ആറിന്റെ പുത്രനെ എത്തിക്കുന്നതിനും കാരണമായി. പക്ഷേ അധികാരത്തിലേറിയപ്പോള്‍ ജഗന്‍, ശര്‍മ്മിളയെ അടക്കം പലരേയും അധികാര ഇടനാഴിയില്‍ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചു. രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ശര്‍മ്മിള അങ്ങനെയാണ് സഹോദരനുമായി തെറ്റിപ്പിരിഞ്ഞത്.
ശര്‍മ്മിള പിന്നീട് വൈഎസ്ആര്‍ടിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയും അമ്മ വൈഎസ് വിജയമ്മയെ ഒപ്പം നിര്‍ത്തി പാര്‍ട്ടി ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ശര്‍മ്മിള സഹോദരന്‍ ജഗനുമായി ഉടക്കി പിരിഞ്ഞു വേറെ പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ആന്ധ്രയില്‍ ജഗന് ഭീഷണിയാകാന്‍ താല്‍പര്യപ്പെടാതെ തെലങ്കാനയിലേക്ക് തന്റെ പ്രവര്‍ത്തന മണ്ഡലം മാറ്റുകയാണ് ചെയ്തത്.
തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ലയിക്കാന്‍ തെലങ്കാന തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മ്മിള പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നടന്ന മുന്നേറ്റങ്ങളെ കണക്കിലെടുത്ത് പാര്‍ട്ടി ഹൈക്കമാന്‍ഡ് തെലങ്കാനയിലെ ലയനത്തില്‍ താല്‍പര്യം കാണിച്ചില്ല. തെലങ്കാനയില്‍ രേവന്തും കൂട്ടരും വിജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച കോണ്‍ഗ്രസ് ശര്‍മ്മിളയോട് തെലങ്കാന വിട്ട് ആന്ധ്രയിലേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു.
Read more
തെലങ്കാനയിലല്ല ആന്ധ്രയിലാണ് ശര്‍മിള വേണ്ടതെന്നും ആന്ധ്രയില്‍ കേന്ദ്രീകരിക്കാനുമായിരുന്നു കോണ്‍ഗ്രസ് തെലങ്കാന ഘടകവും ഹൈക്കമാന്‍ഡും മുന്നോട്ടുവച്ച നിര്‍ദേശം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനായി മല്‍സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണച്ച ശര്‍മ്മിളയും കൂട്ടരും ഇതോടെ ലയന സാധ്യതകള്‍ ഉറപ്പിച്ചു നിര്‍ത്തി. ആന്ധ്രയിലിറങ്ങാന്‍ ശര്‍മ്മിളയുടെ വിമുഖത മാറിയതോടെ ഈ ആഴ്ച തന്നെ ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ണായക സ്ഥാനത്തേക്ക് ശര്‍മ്മിള എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.