പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി സൊമാറ്റോയും സ്വിഗ്ഗിയും; പുതിയ നിരക്ക് രാജ്യത്ത് ഉടനീളം പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. 6 രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. 2 രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു.