അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും മിന്നും ജയം നേടിയ ബിജെപി മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ മുമ്പില്ലാത്ത വിധം സമയമെടുത്താണ് തീരുമാനങ്ങളെടുത്തത്. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ മേഖലയില്‍ നിന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച ബിജെപി മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയ്ക്കാണ് അവസരം നല്‍കിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നത് വ്യക്തമായിരുന്നു. രാജസ്ഥാനിലും അതിനാല്‍ ഇക്കുറി സസ്‌പെന്‍സ് നിലനിര്‍ത്തി തന്നെ തലമുറമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് ഉള്ളത്. ഛത്തീസ്ഗഢില്‍ രമണ്‍സിങിനേയും മധ്യപ്രദേശില്‍ ശിവ് രാജ് സിങ് ചൗഹാനേയും മാറ്റി നിര്‍ത്തിയത് പോലെ രാജസ്ഥാനില്‍ ബിജെപിയുടെ രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയേയും മാറ്റി നിര്‍ത്തുമെന്നാണ് സൂചന. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുംവെച്ച് പുതുതലമുറ നേതാക്കളെ തിരഞ്ഞെടുക്കുകയും ഗോത്രവര്‍ഗ – ഒബിസി- സ്ത്രീ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം നടത്തുകയാണ് ബിജെപി.
രാജസ്ഥാനില്‍ പുതിയതായി തിരഞ്ഞെടുത്ത എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട് ഇന്ന് വൈകിട്ട് നാല് മണിക്ക്. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനാണ് ഈ യോഗം. ബിജെപിയുടെ മുതിര്‍ന്ന നേതാവായ രാജ് നാഥ് സിങാണ് യോഗത്തിന് അധ്യക്ഷത വഹിക്കുക. പാര്‍ട്ടി നിരീക്ഷകനായി രാജ്‌നാഥ് സിങിനെ രാജസ്ഥാനിലേക്ക് വിട്ടത് തന്നെ വസുന്ധരയെ അുനയിപ്പിക്കാനാണെന്നാണ് വിലയിരുത്തല്‍. രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഓരോരുത്തരായി വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പല ചര്‍ച്ചകളും നടത്തിയിരുന്നു. വസുന്ധര രാജെയ്ക്ക് എംഎല്‍എമാര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്നാഥ് സിങ്ങിനെ ഇവിടെ നിരീക്ഷകനായി ബിജെപി നിയോഗിച്ചത് വസുന്ധരയ്ക്ക് അപ്പുറത്തേക്ക് ഒരു തീരുമാനത്തിലേക്ക് നരേന്ദ്ര മോദിയും അമിത് ഷായും പോയാല്‍ വസുന്ധരയെ അനുനയിപ്പിക്കാനാണ്.
200 അംഗ നിയമസഭയില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കിയത്. വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതെയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. വസുന്ധരയ്ക്ക് അപ്പുറം കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്‌വല്‍ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടത്തിലുള്ളത്. വസുന്ധരയ്ക്ക് പകരം റോയല്‍ മുഖം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ജയ്പൂര്‍ രാജകുടുംബാംഗ ലേബലില്‍ മല്‍സരിച്ച ദിയാ കുമാരിയ്ക്കും ചാന്‍സുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടേയും മുതിര്‍ന്ന നേതാവ് കിരോഡി ലാല്‍ മീണയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ നേതാവിനേയും മധ്യപ്രദേശില്‍ ഒബിസി നേതാവിനേയും നിശ്ചയിച്ച ബിജെപി രാജസ്ഥാനില്‍ വനിത മുഖ്യമന്ത്രിക്ക് അവസരം നല്‍കുമെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങളില്‍ ഉയരുന്നുണ്ട്.
ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരുകളില്‍ ഒന്നായ വിഷ്ണു ഡിയോ സായിയാണ് മുഖ്യമന്ത്രിയായതെങ്കിലും മധ്യപ്രദേശില്‍ പറഞ്ഞുകേട്ട പല പേരുകള്‍ക്കപ്പുറം ഒരു സസ്‌പെന്‍സ് പേരാണ് മുഖ്യമന്ത്രി കസേരയിലെത്തിയത്. ശിവ് രാജ് സിങ് ചൗഹാനെ മാറ്റി നിര്‍ത്തി മോഹന്‍ യാദവായിരുന്നു മുഖ്യമന്ത്രിയായത്..
ഛത്തീസ്ഗഢില്‍ കാലങ്ങളായി ബിജെപി മുഖ്യമന്ത്രിയായിരുന്ന 2018 തിരഞ്ഞെടുപ്പിന് മുമ്പ് വരെ ഹാട്രിക് ഭരണം പിടിച്ചെടുത്ത മുതിര്‍ന്ന നേതാവും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ രമണ്‍ സിങിനെ മാറ്റിയാണ് മുന്‍കേന്ദ്രമന്ത്രിയായ വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയാക്കിയത്. ഗോത്രവര്‍ഗ മേഖലയായ ഛത്തീസ്ഗഢില്‍ 2024 മുന്നില്‍ കണ്ടാണ് ആദിവാസി നേതാവായ വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയാക്കിയത്.
Read more
ബിജെപിയുടെ എക്കാലത്തേയും ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവ് രാജ് സിങ് ചൗഹാനെ മാറ്റിയാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഗോത്രവര്‍ഗ വോട്ടുകളും ഒബിസി വോട്ടുകളും ഏകോപിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു. ഒബിസി പ്രീണനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുമായി വാക്‌പോരും നടത്തിയ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഒബിസി വോട്ട് പിടിക്കുന്നതില്‍ വിജയിച്ചുവെന്ന് വേണം കരുതാന്‍. അതുപോലെ സ്ത്രീവോട്ടുകളാണ് ഇനി സമീകരിക്കാനുള്ളതെന്ന അജണ്ടയിലാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നോക്കി കാണുന്നത്. അതിനാല്‍ രാജസ്ഥാനില്‍ അതുകൂടി മുന്നില്‍ കണ്ടാകുമോ ബിജെപി നീങ്ങുക എന്ന ചോദ്യത്തിന് ഇന്ന് വൈകിട്ട് ഉത്തരം കിട്ടിയേക്കും.