ബിജെപിയുമായി സഖ്യമില്ലെങ്കില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍, ജെഡിയുവുമായുള്ള സഖ്യത്തെ കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ബിജെപി വളരെയധികം സമയമെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“തീര്‍ച്ചയായും ബിജെപിയാണ് ഞങ്ങളുടെ ആദ്യ പരിഗണന. യുപിയിലെ സഖ്യത്തെ കുറിച്ച് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ ആര്‍ സി പി സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതുവരെ കാര്യമായ പുരോഗതി ഇല്ല”, ത്യാഗി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അന്തിമരൂപം നല്‍കിയെങ്കിലും ബിജെപി തീരുമാനം എടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടമെത്തി. വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തത ഉണ്ടാകണം.യുപി തിരഞ്ഞെടുപ്പിനായി ഞങ്ങള്‍ ബിജെപിയുമായി വളരെക്കാലമായി സഖ്യചര്‍ച്ചകള്‍ നടത്തുകയാണ്.”, മുന്‍ രാജ്യസഭാ എംപി പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം രൂപപ്പെടാത്ത സാഹചര്യത്തില്‍ പാര്‍ട്ടി തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് സമയം കൂടി കാത്തിരിക്കുമെന്നും എന്നാല്‍ കുറച്ച് സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.