Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

POLITICS

സുലൈമാന്‍ സേട്ട് സ്മാരക സൗധത്തിനുള്ള കോടികള്‍ മുക്കി, ഐ.എന്‍.എല്‍ പിളര്‍ന്നു, പുതിയ പാര്‍ട്ടിയുമായി വിമതര്‍

, 12:42 pm

ഐ.എന്‍.എല്‍ പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ സാംസ്‌കാരിക സൗധം നിര്‍മ്മിക്കാനായി പണപിരിവ് നടത്തി കോടികള്‍ പിരിച്ചെടുത്തു മുക്കിയതായി ആരോപണം. പാര്‍ട്ടിയില്‍ നിന്നും വിമതരായി ഇപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവരാണ് ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെകൊണ്ട് കോഴിക്കോട് വച്ച് പ്രതീകാത്മകമായ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിപ്പിച്ച് നാലു വര്‍ഷം പൂര്‍ത്തിയായിട്ടും സാംസ്‌കാരിക സൗധത്തിനാവശ്യമായ സ്ഥലം പോലുമെടുക്കാതെ നേതാക്കള്‍ വഞ്ചന കാണിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നിന്നും പിളര്‍ന്ന വിഭാഗം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിനെതിരേ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് ഏഴ് മാസം മുമ്പ് ഐ.എന്‍.എല്‍ സ്ഥാപക നേതാവും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.കെ അലവിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സേട്ട് സാഹിബ് സാംസ്‌കാരിക വേദിയാണ് പുതിയ പാര്‍ട്ടിയാവുന്നത്. ഏപ്രില്‍ 23ാം ന് കോഴിക്കോട് ഐ.എന്‍.എല്‍ (ഡെമോക്രാറ്റിക്) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും.

ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നിഴലിനെ പോലും ഭയക്കുന്നവരാണ് ഇന്നത്തെ നേതാക്കളെന്നും വിമത വിഭാഗം പറയുന്നു.ഇത്തരം ദുര്‍നടപ്പുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദിച്ചതിന്റെ പേരിലാണ് ഐ.എന്‍.എല്ലിന്റെ സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും 86 വയസ്സുകാരനുമായ വി.കെ അലവി ഹാജിയെ തൃശ്ശൂരില്‍ വെച്ച് കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്ലില്‍ നിന്നുകൊണ്ട് തന്നെ സേട്ട് സാഹിബ് സാംസ്‌കാരിക വേദിക്ക് രൂപം നല്‍കിയത്.

പുതിയ പാര്‍ട്ടി രൂപീകൃതമാകുന്നതോടുകൂടി പല ദളിത് സംഘടനകളും പ്രാദേശിക പാര്‍ട്ടികളും പല പ്രമുഖ വ്യക്തിത്വങ്ങളും ഐ.എന്‍.എല്‍ (ഡെമോക്രാറ്റിക്)നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, പി. സാലിം, പി.കെ. മൊയ്തുണ്ണി തൃശ്ശൂര്‍, പി.കെ സുലൈമാന്‍, കരീം കല്ലേരി, മുസ്തഫ വെള്ളിമാടുകുന്ന് തുടങ്ങിയവരാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനു പിന്നില്‍.

Advertisement