സിപിഐക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന് പിണറായി; 'മുന്നണി ബന്ധമാണ് പ്രധാനം'

സിപിഐയെ പരസ്യമായി വിമര്‍ശിക്കേണ്ടെന്ന് പിണറായി വിജയന്‍. മുന്നണി ബന്ധം പ്രധാനമാണ്. വിമര്‍ശിച്ച് അന്തരീക്ഷം വഷളാക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സിപിഐയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. എം.എ. ബേബിയുടെ വിമര്‍ശനത്തില്‍ പ്രശ്‌നമില്ലെന്നും ബേബിയെ മോശക്കാരനാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഓഖി ദുരിതബാധിത മേഖല മുഖ്യമന്ത്രി നേരത്തെ സന്ദര്‍ശിക്കണമായിരുന്നുവെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഗുരുതര വീഴ്ച സംഭവിച്ചു എന്നായിരുന്നു വിമര്‍ശനം. ഇത് മൂലം നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ തീരദേശത്ത് കൈയടി വാങ്ങി. കോണ്‍ഗ്രസ് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തി. മുഖ്യമന്ത്രി നേരത്തെ തന്നെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാഞ്ഞത് സര്‍ക്കാരിന് തന്നെ കളങ്കമായി.

Read more

ഓഖി ധനസഹായം നേരത്തെ തന്നെ വിതരണം ചെയ്യേണ്ടതായിരുന്നു എന്നും ചര്‍ച്ചയ്ക്കിടെ പ്രതിനിധികള്‍ പറഞ്ഞു. വനംമന്ത്രി വകുപ്പിലെ നിയമനങ്ങള്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വീതംവെച്ച് നല്‍കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മന്ത്രിമാരായ കെടി ജലീലിനെതിരേയും കെകെ ശൈലജക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആരോഗ്യമന്ത്രി അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമായിരുന്നെന്നും കെടി ജലീലിന്റെ ഓഫീസിന്റെപ്രവര്‍ത്തനം മോശമാണെന്നും പ്രതിനിധികള്‍ ജില്ലാ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.