സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ചേര്‍ന്ന വാക്കുകളോ ഇത് ?

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതല ഏറ്റതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനകള്‍ അതിരുവിട്ടുവെന്ന അഭിപ്രായം ഉയര്‍ത്തി സോഷ്യല്‍ മീഡിയ. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിലാണ് കോടിയേരിയുടെ പ്രസ്താവന വന്നത്.

രണ്ട് ദശകത്തോളം പാര്‍ട്ടിയെ ഭരിച്ച സോണിയാ ഗാന്ധിക്ക് പിന്തുടര്‍ച്ചക്കാരന്‍ എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് കോടിയേരി രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്ന പ്രസ്താവന നടത്തിയത്.

“കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥ ഉണ്ടാകും. കോണ്‍ഗ്രസ് ഒരു നോമിനേറ്റഡ് പാര്‍ട്ടിയായി മാറി” – ഇതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പൊതുസദസ്സില്‍ പറഞ്ഞ പ്രസ്താവന.

സിപിഐഎമ്മിനെ പോലെ ജനപക്ഷത്തും സ്ത്രീപക്ഷത്തും നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവില്‍നിന്ന് ഉയര്‍ന്നു വരേണ്ട തരത്തിലുള്ള നിലവാരമുള്ള പ്രസ്താവനയാണോ ഇതെന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം.

കോടിയേരിയുടെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിക്കഴിഞ്ഞു. പദവിക്ക് നിരക്കാത്തതും അപക്വവുമായ പ്രസ്താവനയാണിതെന്നും കോടിയേരി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Read more

നേരത്തെ വിടി ബല്‍റാം എംഎല്‍എയെ പോലുള്ളവരും കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ യോഗ്യതയ്ക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം. സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേയ്ക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്നത് പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗം ഏറ്റെടുക്കുന്നതെന്നും ബല്‍റാം പറഞ്ഞിരുന്നു. കോടിയേരി അടക്കമുള്ള പ്രമുഖ സിപിഎെഎം നേതാക്കളുടെ മക്കള്‍ പ്രവാസി ഇന്ത്യക്കാരുടെ കമ്പനികളില്‍ മുന്തിയ പോസ്റ്റുകളില്‍ ജോലി ചെയ്യുന്നത് വിമര്‍ശിച്ചു കൊണ്ടാണ് ബല്‍റാം തന്‍റെ പോസ്റ്റിട്ടത്.