ഫേയ്സ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാപ്രവര്‍ത്തനമെന്നും സോഷ്യൽ മീഡിയ വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും സിപിഐഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.മുൻ എം പി എ സമ്പത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ദത്ത് കേസുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിഭാഗീയതയുടെ തുരുത്തുകള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എസ്.സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ നികുതിവെട്ടിപ്പു കേസ് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രതിനിധികളോട് ആയിരുന്നു ഈ പ്രതികരണം.
നഗരമേഖലയിലും ചിറയിന്‍കീഴ് താലൂക്കിലും ബിജെപി മുന്നേറുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ബിജെപി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തിലെടുക്കണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി അനുഭാവി കുടുംബങ്ങള്‍ ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ജാതിസംഘടനകളെ ഉപയോഗിച്ച് പാര്‍ട്ടിയുടെ പരമ്പരാഗത മേഖലകളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമം തടയണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.