Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

POLITICS

ബംഗാളില്‍ സിപിഎം-ബിജെപി സഖ്യം എന്ന വ്യാജ വാര്‍ത്ത ചമച്ച് പാര്‍ട്ടിയില്‍ യെച്ചൂരിക്കെതിരെ പടയൊരുക്കം

, 12:36 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ ചിലയിടങ്ങളില്‍ സിപിഎം, ബിജെപിയുമായി കൈകോര്‍ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് പിബി തലത്തില്‍ തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പുതിയ പടയൊരുക്കം. ബിജെപി ഫാസിസ്റ്റ് അല്ലെന്നും കോണ്‍ഗ്രസുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് ധാരണകളും ആവശ്യമില്ലെന്നും അവസാന നിമിഷം വരെ പി ബിയില്‍ വാദിച്ച പ്രകാശ് കാരാട്ട് പക്ഷം തന്നെയാണ് ഇതിന്റേയും പിന്നിലെന്നാണ് പാര്‍ട്ടി കരുതുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ഭീകരതയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ പലയിടങ്ങളിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കാവുന്നില്ല. അക്രമം ഭയന്ന് ഇതര പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയതോടെ 34 ശതമാനം സീറ്റുകളിലാണ് അവര്‍ എതിരില്ലാതെ ജയിച്ച് കയറിയത്. സിപിഎം ഉള്‍പ്പടെയുള്ള ഏതെങ്കിലും പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയോ സ്വതന്ത്രസ്ഥാനാര്‍ഥികളോ ഇല്ലാത്ത സീറ്റുകളാണവ.

ബാക്കിവരുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല. തൃണമൂലിന്റെ കൈയ്യൂക്ക് രാഷ്ട്രീയത്തിന് തടയിടാന്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇതാണ് ബിജെപി കൂട്ടുകെട്ട് എന്ന തരത്തില്‍ പാര്‍ട്ടിയിലെ തന്നെ പ്രബലവിഭാഗം വ്യാഖ്യാനിച്ച് യെച്ചൂരിക്കെതിരെ പടയൊരുക്കം നടത്തുന്നത്. അത്യന്തം ഗുരുതരമായ ബംഗാള്‍ പ്രതിസന്ധി പോലും നേതൃത്വത്തിനെതിരായി മാറ്റുന്നുവെന്നത് ഗൗരവമുള്ളതാണ്.
പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന ആദ്യ പിബിയില്‍ തന്നെ ഈ വിഷയവും ചര്‍ച്ചക്കു വരും. ഒപ്പം, കേരളത്തില്‍ ഓഞ്ചിയം രക്തസാക്ഷി ദിനത്തിന് പാര്‍ട്ടി പരിപാടിക്കെത്തിയ പ്രകാശ് കാരാട്ട് ജില്ലയിലെ വന്‍ ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബില്‍ഡര്‍മാര്‍, എഴുത്തുകാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള അമ്പതോളം പേരുമായി സ്വകാര്യ ഹോട്ടലില്‍ കൂടികാഴ്ച നടത്തിയതും ചര്‍ച്ചയാവും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പരാജയപ്പെട്ട തങ്ങളുടെ നിലപാടിന്റെ ‘ശരി’ സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ കൂടികാഴ്ച എന്നും നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ബംഗാളിലെ തിരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങള്‍,  തങ്ങളുടെ നിലപാട് ശരിയായിരുന്നു എന്ന് ബോധ്യപ്പെടുത്താന്‍ കാരാട്ട് പക്ഷം ഉപയോഗിക്കുമെന്ന് യെച്ചൂരി പക്ഷം കരുതുന്നു. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കില്ല എന്നതിനാലാണ് എം ടി വാസുദേവന്‍ നായരെ കാണാന്‍ കാരാട്ട് വീട്ടിലെത്തിയത്. നേരത്തെ ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ ജനാധിപത്യശക്തികളുടെ ഐക്യം വേണമെന്ന് അഭിപ്രായപ്പെട്ടയാളാണ് എം ടി.

Advertisement