ഉമ്മന്‍ ചാണ്ടി- ചെന്നിത്തല മെയ്‌വഴക്കം സുധീരനും സതീശനും ഇല്ല; തീകോരിയിടല്‍ അടവില്‍ സിപിഎം ശോഭിക്കുമ്പോള്‍ ആകെ വലഞ്ഞു കോണ്‍ഗ്രസ്, പിടിമുറുക്കി മുസ്ലീം ലീഗും

യുഡിഎഫിനുള്ളില്‍ മൂന്നാം സീറ്റിനായി മുസ്ലീം ലീഗ് ശക്തിയുക്തം അവകാശവാദം ഉന്നയിക്കുമ്പോള്‍ തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകാതെ ഉഴറി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വൈദഗ്ധ്യം നിലവിലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇല്ലെന്നുള്ളൊരു അടക്കം പറച്ചില്‍ കോണ്‍ഗ്രസ് അകത്തളങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ പുറത്തേക്കും എത്തിയിട്ടുണ്ട്. മൂന്നാം സീറ്റ് വിഷയം പണ്ടുണ്ടായപ്പോഴെല്ലാം മുസ്ലീം ലീഗിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുന്നതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിജയിച്ചിരുന്നു. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് നേതൃത്വം വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതിന് ഇടയാക്കിയെന്നും സിപിഎമ്മിന് വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് അവസരമൊരുക്കിയെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

രമ്യമായി പരിഹരിക്കേണ്ട വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് മലബാറിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും മുസ്ലീം ലീഗ് നേതൃത്വവും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെടാനും വിപരീത ഫലം ഉണ്ടാകാനും കാരണം കെ സുധാകരന്റേയും വി ഡി സതീശന്റേയും കാര്യക്ഷമത ഇല്ലായ്മയാണെന്ന വിമര്‍ശനവും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാവുന്നുണ്ട്. മൂന്നാം സീറ്റ് ആവശ്യം മുസ്ലീം ലീഗ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും മുന്നോട്ടുവച്ചിരുന്നെങ്കിലും സമയോചിതമായ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇടപെടലില്‍ വിഷയം സൗഹാര്‍ദ്ദപരമായി അവസാനിക്കുകയായിരുന്നു.

എന്നാല്‍ ഇക്കുറി ലീഗ് സീറ്റിന് ആവശ്യം ഉന്നയിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനോ സൗഹൃദപരമായി വിഷയം സംസാരിക്കാനോ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുത്തില്ല. മുതിര്‍ന്ന നേതാക്കളെ ഇറക്കി മധ്യസ്ഥ ശ്രമത്തിന് പോലും കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ശ്രമിച്ചില്ലെന്ന് മാത്രമല്ല വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയാവുന്നത് കണ്ടിട്ടും സിപിഎം നേതാക്കള്‍ തന്ത്രപരമായി ലീഗിനായി വാക്‌പോര് നടത്തിയിട്ടും വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ ഇരുവര്‍ക്കുമായില്ല.

ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും നിയമസഭയില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മൂന്നാമതുള്ള ലീഗ് ഇങ്ങനെ കേഴേണ്ടി വരുന്നത് എന്തിനാണെന്നും സിപിഎം ചോദിച്ചിരുന്നു. ഇങ്ങനെ യുഡിഎഫില്‍ ലീഗ് നില്‍ക്കുന്നതെന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചതോടെ ലീഗ് മൂന്നാം സീറ്റില്‍ ഉറച്ചു നിന്നു. ഇതോടെ യുഡിഎഫ് പ്രശ്‌നത്തില്‍ ഇടംകോലിട്ട് വിഷയം ആളിക്കത്തിക്കാന്‍ ഒന്നിന് പുറമേ ഒന്നായി സിപിഎം നേതാക്കള്‍ എത്തിയതോടെ മുസ്ലീം ലീഗും നിലപാട് കടിപ്പിച്ചു. ലീഗ് നേതൃത്വവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ഇടഞ്ഞതോടെ മുസ്ലിം ലീഗ് മയപ്പെടില്ലെന്ന നിലപാടിലേക്കെത്തി. സാദിഖലി തങ്ങളുമായുള്ള ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ മയമില്ലാതെ നിലപാട് പറഞ്ഞതോടെയാണ് വിഷയം സങ്കീര്‍ണമായത്. സീറ്റിനപ്പുറം മുന്നണിയ്ക്കുള്ളില്‍ തങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരവും പരിഗണനയും കിട്ടുന്നില്ല എന്ന വികാരവും മുസ്ലീം ലീഗിനുണ്ട്.

ഒരു സീറ്റ് കൂടി വിട്ടുതരാനാകില്ലെന്ന് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല സിപിഎമ്മിന് വിഷയത്തില്‍ തീ കോരിയിടാന്‍ പാകത്തിന് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയത് ഇരുവിഭാഗത്തേയും പിണക്കത്തിലാക്കിയിട്ടുണ്ട്. പാണക്കാട്ട് ചെന്ന് പരിഹാരം കാണുന്ന പതിവ് രീതിക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതോടെ ഉമ്മന്‍ ചാണ്ടിയേ പോലെ കാര്യങ്ങള്‍ നയപരമായി സൗഹാര്‍ദ്ദപരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നേതാവിന്റെ അഭാവം മുന്നണിയെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് അണികള്‍ക്ക് പോലും വ്യക്തമായി. ഉമ്മന്‍ചാണ്ടിയെ പോലേയും രമേശ് ചെന്നിത്തലയേയും പോലുള്ള നയപരമായ ഇടപെടലിനും രാഷ്ട്രീയ മെയ് വഴക്കത്തിനും നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതിയും പല ഘടകങ്ങളില്‍ നിന്നുമുണ്ടാകുന്നുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഈ മെയ് വഴക്കമില്ലായ്മ ബാധിക്കുമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ ഭയക്കുന്നുണ്ട്. ലീഗിനെ മയപ്പെടുത്താനും സിപിഎമ്മിനെ നിലയ്ക്ക് നിര്‍ത്താനും നിലവില്‍ കെ മുരളീധരന്‍ കളത്തിലിറങ്ങിയിട്ടുണ്ട്.മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് വടകര എംപി പറയുകയും ചെയ്തു. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണെന്നും 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛന്‍ കെ കരുണാകരനാണെന്നും മുരളീധരന്‍ പറഞ്ഞതും ലീഗിനെ മയപ്പെടുത്താനാണ്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ കൂടി ഉറപ്പിച്ച മൂന്നാം സീറ്റ് ആവശ്യവുമായി ലീഗ് മുന്നോട്ടു പോകുമ്പോള്‍ രാജ്യസഭാ സീറ്റെന്ന ഉപാധി മുന്നോട്ടുവച്ച് നിലവിലത്തേക്ക് പ്രതിസന്ധി ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പതുക്കെ വിഷയം രമ്യമായി പരിഹരിക്കാന്‍ ഒത്തുതീര്‍പ്പിലേക്ക് പോകാനുള്ള കൂടിക്കാഴ്ചകള്‍ ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നടന്നു കഴിഞ്ഞു. മൂന്നാം സീറ്റ് ബുദ്ധിമുട്ടാണെന്ന് കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചപ്പോള്‍ രാജ്യസഭാ സീറ്റിനെ കുറിച്ച് കൂടിയാലോചിക്കാന്‍ ലീഗിന് സമയം നല്‍കിയിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തില്‍ എതിര്‍പ്പ് ഉയരാത്തവിധം വിഷയം മയപ്പെടുത്താന്‍ കെ സുധാകരനും വി ഡി സതീശനും കഴിഞ്ഞിട്ടില്ലെങ്കില്‍ യുഡിഎഫിനുള്ളില്‍ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലും ഒരു പൊട്ടിത്തെറിയ്ക്ക് വകുപ്പുണ്ട്.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി