കോണ്‍ഗ്രസ് സഖ്യം തള്ളി പിണറായി; 'രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വന്‍ പ്രചാരണം നടക്കുന്നു'

ബി.ജെ.പിക്കെതിരായ ബദലില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വന്‍ പ്രചാരണമാണ് രാജ്യത്ത് നടക്കുന്നത്. . അധികാര കേന്ദ്രീകരണത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ സ്വാധീനഫലമായി കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ റദ്ദാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പാലക്കാട് സി.പി.എം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെല്ലാം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരാണ്. കേന്ദ്രം നടപ്പാക്കിയ വിവേക രഹിതമായ തീരുമാനമായിരുന്നു നോട്ട് നിരോധനം. ജി.എസ്.ടി നടപ്പാക്കിയതും ഇത് പോലെ തന്നെയാണ്. തല്‍ഫലമായി സമ്പദ് രംഗത്ത് വലിയ ആഘാതമുണ്ടായി.

കര്‍ഷകര്‍ക്ക് താങ്ങുവില കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി ചെയ്തത് കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കുകയാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യമാകെ കര്‍ഷക പ്രക്ഷോഭമാണ് അരങ്ങേറിയത്. മധ്യപ്രദേശില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത് വെടിവെപ്പ് നടത്തിയാണ്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കര്‍ഷക സമരമുണ്ടായി. കാര്‍ഷകരോടൊപ്പം തൊഴിലാളികളും ഇന്ന് പ്രക്ഷോഭത്തിലാണ്. എന്നാല്‍ ഇതില്‍ ബി.എം.എസില്ല. അവര്‍ക്ക് നേരെ ആര്‍.എസ്.എസ് കണ്ണുരുട്ടിയെന്നും പിണറായി കുറ്റപ്പെടുത്തി.