ചെന്നിത്തലയും സംഘവും കൊട്ടക്കാമ്പൂരില്‍; ആദ്യം സന്ദര്‍ശനം ജോയ്‌സ് ജോര്‍ജ് എംപിയുടെ വിവാദ ഭൂമിയില്‍

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ വിവാദ കൈയേറ്റ ഭൂമികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള 10 അംഗ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തുന്നു. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമി ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂര്‍ വട്ടവട മേഖലയില്‍ രാവിലെ യാത്ര തിരിച്ച സംഘം ഉച്ചയോട് കൂടി കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമിയിലായിയിരിക്കും ആദ്യം സന്ദര്‍ശനം നടത്തുന്നത്.

മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിന്റേതെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് സംഘത്തിന്റെ കൊട്ടക്കമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നുവെന്നും അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നുമാണ് വാര്‍ത്തകള്‍. അതിന്റെ നിജസ്ഥിതി അറിയാനാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. നേരത്തെ ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോഴാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ അന്തിമ വിജ്ഞാപനം ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കൈയേറ്റക്കാരുടെ പ്രശ്‌നങ്ങളും കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. കൈയേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്‍കിടക്കാരെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് തുറന്ന് കാട്ടുമെന്നും അത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കയേറ്റക്കാരെ കൂടെ ഇരുത്തിക്കൊണ്ടാണ് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് മന്ത്രിമാരും മൂന്ന് റിപ്പോര്‍ട്ടാണ് കൊടുത്ത്. വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് അംഗ മന്ത്രിതല സംഘം സന്ദര്‍ശിച്ചതിന്റെ പിന്നാലെയാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റി വെച്ച സന്ദര്‍ശനമാണ് ഇന്ന് യുഡിഎഫ് നടത്തുന്നത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എംഎം മണി, വനം മന്ത്രി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായാരുന്നു കൊട്ടക്കാമ്പൂരിലെ വിവാദസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. ജോയ്സ് ജോര്‍ജിന്റേതടക്കം വിവാദത്തിലായ ഭൂമി പ്രശ്നവും നീലക്കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരുടെ സംഘം കൊട്ടക്കാമ്പൂരില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയത്.

https://www.facebook.com/rameshchennithala/videos/1711009312290901/