നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് പോയതിനേ കുറിച്ച് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തുകയാണ് മകളും എഴുത്തുകാരിയുമായ ശര്‍മ്മിഷ്ട മുഖര്‍ജി. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നെന്നും ശര്‍മ്മിഷ്ട പറയുന്നുണ്ട്. പ്രണബ് മൈ ഫാദര്‍: എ ഡോട്ടര്‍ റിമെമ്പേഴ്സ് എന്ന ശര്‍മ്മിഷ്ടയുടെ പുസ്തകത്തില്‍ പ്രണബ് മുഖര്‍ജിയുടെ പല തീരുമാനങ്ങളെ കുറിച്ചും പ്രതികരണങ്ങളെ കുറിച്ചും കോണ്‍ഗ്രസ് നേതാക്കളുമായും നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്.
പ്രണബിന്റെ ഡയറികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് മകള്‍ ശര്‍മ്മിഷ്ട പുസ്തകം തയ്യാറാക്കിയത്. പുസ്തകത്തിന്റെ പ്രകാശന വേളയില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് തന്നെ പ്രധാനമന്ത്രിയാക്കില്ലെന്ന് അറിയാമെന്നതടക്കം കാര്യങ്ങളിലുള്ള പ്രണബിന്റെ അഭിപ്രായങ്ങള്‍ ശര്‍മ്മിള വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള പ്രണബിന്റെ വിലയിരുത്തലും പുസ്തകത്തെ വിവാദത്തിലാക്കിയിരുന്നു. പക്വത ഇല്ലാത്തവനായാണ് പ്രണബ് രാഹുലിനെ കണ്ടതെന്നാണ് പുസ്തകത്തില്‍ ശര്‍മ്മിള പറഞ്ഞത്.
പുസ്തകത്തെക്കുറിച്ച് മുന്‍ ബ്യൂറോക്രാറ്റ് പവന്‍ കെ വര്‍മ്മയുമായുള്ള സംഭാഷണത്തിനിടെ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് പങ്കെടുത്തതിലെ തന്റെ അനിഷ്ടം അച്ഛനോട് പറഞ്ഞതും അദ്ദേഹത്തിന്റെ മറുപടിയും ശര്‍മ്മിഷ്ട വിശദീകരിക്കുന്നുണ്ട്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചപ്പോള്‍ താന്‍ ശക്തമായി എതിര്‍ത്തെന്നാണ് അവര്‍ പറഞ്ഞത്.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ബാബയുടെ തീരുമാനത്തെച്ചൊല്ലി മൂന്നുനാലു ദിവസം ഞാന്‍ അദ്ദേഹവുമായി വഴക്കിട്ടു. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു എല്ലാത്തിനും സാധുത നല്‍കുന്നത് താനല്ല, രാജ്യമാണ്. ജനാധിപത്യമെന്നാല്‍ സംവാദമാണെന്ന് അച്ഛന്റെ വിശ്വാസം. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രതിപക്ഷവുമായുള്ള സംവാദമായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്.
പാര്‍ലമെന്ററി ജനാധിപത്യം സ്ഥാപിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം അടിക്കടി പറയുമായിരുന്നുവെന്നും അതിനാല്‍ അത് ഉയര്‍ത്തിപ്പിടിക്കാനുള്ള കടമ കോണ്‍ഗ്രസില്‍ നിക്ഷിപ്തമാണെന്ന് പ്രണബ് മുഖര്‍ജി വിശ്വസിച്ചിരുന്നതായും ശര്‍മ്മിള പറയുന്നു.
വിട്ടുവീഴ്ച്ച ചെയ്യാത്ത മനോഭാവം കാരണമാണ് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ തനിക്ക് ഇടം ലഭിക്കാതെ പോയതെന്ന് പ്രണബ് മുഖര്‍ജിക്ക് വിശ്വസിച്ചിരുന്നതായും ശര്‍മിഷ്ട പറയുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ ‘സുവര്‍ണ്ണ കാലഘട്ടം’ എന്നായിരുന്നു പ്രണബ് വിശേഷിപ്പിച്ചിരുന്നതത്രേ.
2013 സെപ്റ്റംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് വലിച്ചുകീറിയ സംഭവത്തെ തന്റെ പിതാവ് എതിര്‍ത്തിരുന്നുവെന്നും പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രണബ് മുഖര്‍ജി വിഷയത്തില്‍ കരുതിയിരുന്നതെന്നും ശര്‍മ്മിഷ്ട പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപതി എന്ന നിലയില്‍ തന്റെ അച്ഛനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു ടീമായാണ് പ്രവര്‍ത്തിച്ചതെന്നും ശര്‍മ്മിഷ്ട പറയുന്നുണ്ട്.