ഇന്ത്യയിലേക്കുള്ള ചൈനീസ് കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധിയുടെ രൂക്ഷ വിമർശനം.ഇന്ത്യയിൽ കടന്നുകയറി ചൈന നമ്മുടെ ഭൂമി തട്ടിയെടുത്തു. എന്നാൽ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് രാജ്യത്തെ പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ലഡാക്കിലെ ജനങ്ങൾ പറയുന്നത് അതല്ല.ചൈനീസ് സൈന്യം പ്രദേശത്ത് പ്രവേശിച്ചുവെന്നും, തങ്ങളുടെ ഭൂമി പിടിച്ചെടുത്തുവെന്നും ജനങ്ങൾ പറയുന്നു. എന്നാൽ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ ഇത് ശരിയല്ല, ഇവിടെ ആരോട് ചോദിച്ചാലും അതല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഡാക്കിലെ ജനങ്ങൾക്ക് പരാതികൾ ഉണ്ട്, അവർക്ക് ലഭിച്ച പദവിയിൽ സന്തുഷ്ടരല്ല, അവർക്ക് പ്രാതിനിധ്യം വേണം. ഇവിടെ തൊഴിലില്ലായ്മയുടെ പ്രശ്നമുണ്ട്. ബ്യൂറോക്രസിയല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സർക്കാരാണ് സംസ്ഥാനത്തെ നയിക്കേണ്ടതെന്നും ജനങ്ങൾ പറയുന്നതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. നിലവിൽ ലഡാക്ക് സന്ദർശനത്തിലാണ് രാഹുൽ.ലേ ലഡാക്കില്‍ കെടിഎം 390 അഡ്വഞ്ചറില്‍ ചുറ്റുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.