ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വൻതോതിൽ പെരുകുന്നതായി റിപ്പോർട്ട്. 2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ് ഇത്തവണ ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ. 30-45 വയസിനിടയിലുള്ളവരാണ് പൗരത്വം ഉപേക്ഷിച്ചവരിൽ ഭൂരിഭാഗവുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
2023-ൽ 485 പാസ്പോർട്ടുകളാണ് ഗുജറാത്തിൽ സറണ്ടർ ചെയ്‌തത്. 2022 ൽ പാസ്പോർട്ട് സറണ്ടർ ചെയ്തതവരുടെ എണ്ണം 241 ആയിരുന്നു. 2024 മെയ് വരെ 244- പാസ്പോർട്ടുകൾ സറണ്ടർ ചെയ്‌തിട്ടുണ്ടെന്ന് സൂറത്ത്, നവസാരി, വൽസാദ്, നർമ്മദ എന്നിവയുൾപ്പെടെ ദക്ഷിണ ഗുജറാത്ത് മേഖലയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള കണക്കുകൾ പറയുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ എല്ലാവരും യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയവരാണെന്നും കണക്കുകൾ പറയുന്നു.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പാസ്പോർട്ടുകൾ സറണ്ടർ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പൗരത്വം ഉപേക്ഷിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഡൽഹിയാണ് ഇതിൽ ഒന്നാമത്. 60,414 പേരാണ് ഡൽഹിയിൽ ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചത്. രണ്ടാമതുള്ള പഞ്ചാബിൽ 28,117 പേർ പൗരത്വം ഉപേക്ഷിച്ചതെന്നാണ് കണക്കുകൾ.