സ്പൈസ്ജെറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഒരു വിമാന കമ്പനി നടത്തേണ്ടത് ഈ രീതിയിൽ അല്ലെന്ന വിമർശനവും ചീഫ് ജസ്റ്റിസ് എൻ.വി. രമണ സ്പൈസ് ജെറ്റിനെതിരെ ഉന്നയിച്ചു.
വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്വിറ്റ്സർലൻഡ് കമ്പനി എസ്ആർ ടെക്നിക്സിന് 180 കോടി രൂപയോളം കുടിശിക വരുത്തിയ കേസിൽ സ്പൈസ്ജെറ്റിന്റെ സ്വത്തു കണ്ടുകെട്ടി കടം വീട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
50 ലക്ഷം ഡോളർ അടച്ചതിനെ തുടർന്ന് ഉത്തരവ് ഇന്നലെ വരെ ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. കാലാവധി തീരുന്നതു കണക്കിലെടുത്താണ് സുപ്രീം കോടതി ഹർജി പരിഗണിച്ചതും ഹൈക്കോടതി വിധിക്കു താൽക്കാലിക സ്റ്റേ നൽകിയതും.
എന്തുകൊണ്ടാണ് സ്പൈസ്ജെറ്റ് സ്വന്തം ധനസ്ഥിതി കോടതിയെ അറിയിക്കാത്തതെന്നും വിഷയം ഗൗരവമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്നാണ് മൂന്നാഴ്ച സ്റ്റേ അനുവദിച്ചത് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മൂന്നാഴ്ച കൂടി സ്റ്റേ അനുവദിക്കണമെന്നും ഹർജിക്കാരുമായി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടെന്നും സ്പൈസ് ജെറ്റിനു വേണ്ടി ഹരീഷ് സാൽവെ പറഞ്ഞു.