സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തിലെ പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കാത്ത നിലപാടുകള്‍ കൈക്കൊള്ളുകയാണെങ്കില്‍ സീതാറാം യെച്ചൂരി തുടരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയതോടെയാണ് സി പിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ യെച്ചൂരിക്ക് വഴിയൊരുങ്ങിയത്. വരുന്ന ചൊവ്വാഴ്ചയാണ് സി പിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ആരംഭിക്കുക
. കേരളത്തില്‍ നിന്ന് പിബിയില്‍ എ വിജയരാഘവന്‍ എത്തിയേക്കും. വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആര്‍പിയുടെ പേരും ശക്തമായി ഉയര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങള്‍ തുടര്‍ന്നു. ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.
സിപിഎം ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയര്‍ന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയില്‍ എത്തുന്നത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് നേതാക്കള്‍ ഒഴിവാകും. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പിബിയില്‍ എത്തും എന്നാണ് സൂചന.