പാര്‍ട്ടി അധ്യക്ഷനാകുന്ന രാഹുല്‍ നേരിടേണ്ട അഞ്ച് വെല്ലുവിളികള്‍

1. ദേശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത്. നരേന്ദ്ര മോദി ഉയര്‍ത്തുന്ന വിഭാഗീയ രാഷ്ട്രീയവും ഏകാധിപത്യപ്രവണതയും ജനാധിപത്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന കാലം. ഏറ്റവും ദയനീയമായ അവസ്ഥയില്‍നിന്ന് ഈ “ഗ്രാന്‍ഡ് ഓള്‍ഡ് അലയന്‍സിനെ” രക്ഷപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ ജനസാമാന്യത്തിന് പ്രതീക്ഷ നഷ്ടപ്പെട്ട നിലിയിലാണ്. ഇത് തിരിച്ച് പിടിക്കേണ്ടതുണ്ട്. ഒപ്പം രാജ്യവ്യാപകമായി രാഷ്ട്രീയ സഖ്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

2. സ്വന്തം പാര്‍ട്ടിയിലെ തന്നെ “കടല്‍ കിഴവന്‍മാരാണ്” രാഹുലിന് ഭാവിയില്‍ തലവേദന സൃഷ്ടിച്ചേക്കാവുന്ന പ്രബല വിഭാഗം. കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുയും അനന്തമായി നീട്ടികൊണ്ട് പോയി സ്വന്തം കാര്യപ്രാപ്തിക്കായി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് പലപ്പോഴായി പല കുറി രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഇടക്ക് “ഓളമുണ്ടാക്കി” മുങ്ങുന്നതുപോലും ഇതിന്റെ ഭാഗമായിരുന്നു എന്ന ഡെല്‍ഹി മാധ്യമലോകത്തിലെ പലരും വിലയിരുത്തുന്നുണ്ട്. രാഹുലിനൊപ്പം പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള ചെറു തലമുറയേയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ “താപ്പാനാകള്‍ക്ക്” താത്പര്യമില്ല. ഇത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടാക്കും. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

3. ലോക്‌സഭയില്‍ 543 ല്‍ 44 സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങിയിരിക്കുന്നു.രാജ്യത്തെ 18 സംസ്ഥാനങ്ങളും ബി ജെ പിയോടൊപ്പമാണ്. കൂടാതെ രാജ്യസഭയിലേയും പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണ്. പലപ്പോഴും ബി. ജെ. പി സഭയിലുയര്‍ത്തുന്ന തലവേദനകള്‍ക്ക് കൃത്യമായി ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ പതറുന്ന അവസ്ഥയുണ്ട്. സീതാറാം യെച്ചൂരി അടക്കമുള്ള ഇടത്-പ്രതിപക്ഷ അംഗങ്ങളുടെ ഇടപെടലാണ് പലപ്പോഴും കോണ്‍ഗ്രസിനെ സഭയില്‍ രക്ഷിച്ചിട്ടുള്ളതെന്ന് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടാണ് യെച്ച്ൂരിയുടെ കാലാവധി തീര്‍ന്നപ്പോള്‍ സഹായഹസ്തവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കാര്യപ്രാപ്തിയുളള ചെറുപ്പക്കാരെ ബോധപൂര്‍വ്വം മുതര്‍ന്ന തലമുറ വെട്ടുന്നതാണ് ഇതിന് കാരണം. ഇത് പരിഹരിച്ച് നിയമനിര്‍മ്മാണ സഭകളില്‍ യുവത്വം നിറക്കേണ്ടതുണ്ട്.

4. ഇതിനിടിയിലാണ് നേതാക്കന്‍മാരുടെ കൊഴിഞ്ഞ് പോക്ക്. ഗുജറാത്തിലെ ശങ്കര്‍ സിംഗ് വഗേലയും മഹാരാഷ്ട്രയിലെ നാരായണ്‍ റാണെയും പോലുള്ള ഉദാഹരണങ്ങള്‍ ഏറെ. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്.

Read more

5. 2019 ലെ ദേശീയ തിരഞ്ഞെടുപ്പാണ് രാഹുല്‍ ഗാന്ധിയിലെ രാഷ്ട്രീയനേതാവിനെ വിലയിരുത്താനുള്ള അളവുകോല്‍. നുറു കണക്കിന് രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശീക താത്പര്യങ്ങളും സ്വാധീനിക്കുന്ന ഇന്ത്യ പോലെ വിശാലമായ രാജ്യത്ത് കേവലം ഒരു വര്‍ഷം ഒരു നേതാവിന് കുറഞ്ഞ സമയമാണെന്ന് വിലയിരുത്തുന്നവരുണ്ട്. രണ്ടാം യു പി എയുടെ അഴിമതിയായിരുന്നു മോദിയുടെ തുരുപ്പ് ചീട്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വിഷയങ്ങളുടെ ധാരളിത്തം എന്ന ആനുകൂല്യമുണ്ട്. തീവ്ര വര്‍ഗീയവത്കരണം, അഴിമതി, ജി എസ് ടി, നോട്ടു നിരോധനം, തൊഴിലില്ലായ്മ, വിഭാഗീയത, ചെറുകിട-കാര്‍ഷീക മേഖലകളുടെ തകര്‍ച്ച എന്നിങ്ങനെ.