മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി വെള്ളിത്തിരയിൽ നിറഞ്ഞാടിയ മോനിഷ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്

മലയാളി മനസിൽ നിന്ന് ഒരിക്കലും തുടച്ചുമാറ്റാൻ കഴിയാത്ത അഭിനേത്രിയായിരുന്നു മോനിഷ എന്നതിൽ സംശയമില്ല. കമലദളത്തിലെ മാളു എന്ന നർത്തകിയായി പ്രേക്ഷക ശ്രദ്ധ ഏറെ ആകർഷിച്ച നടിയായിരുന്നു മോനിഷ ഉണ്ണി. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആദ്യമായി അവാർഡ് കരസ്ഥമാക്കിയതും മോനിഷ തന്നെയാണ് എന്നതും വിസ്മരിക്കപ്പെടാനാവില്ല.

അഭിനയ രംഗത്ത് സജീവമായി നിൽക്കുമ്പോഴായിരുന്നു എല്ലാവരെയും നടുക്കിയ ആ കാറപകടം ഉണ്ടായത്. ഇരുപത്തൊന്നാം വയസ്സിൽ ജീവിതത്തിലെ നല്ല നിമിഷങ്ങളെ ചേർത്തുവെക്കാൻ തുടങ്ങിയപ്പോളേക്കും അവർ കാറപകടത്തിൽ കൊല്ലപ്പെട്ടു. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ പ്രിയപ്പെട്ടവളായിരുന്നു. ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച താരം കൂടിയായിരുന്നു മോനിഷ ഉണ്ണി. എംടി വാസുദേവൻ നായർ കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച 1986 ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങളാണ് ആദ്യ ചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ സിനിമയുടെ പശ്ചാത്തലം. പുതുമുഖമായിരുന്ന വിനീത് ആയിരുന്നു മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച “ഗൗരി” എന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തിന് തന്നെയാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചത്.

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായരാണ് മോനിഷയെ സിനിമ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. സിനിമ മേഖലയിൽ ഛായാഗ്രഹണത്തിലായിരുന്നു മോനിഷയ്ക്ക് കൂടുതൽ താൽപ്പര്യം. അപകടം നടന്ന ദിവസം എന്തോ സംഭവിക്കാൻ പോകുന്നുണ്ട് എന്ന് “അമ്മ ശ്രീദേവിയോട് മോനിഷ പറഞ്ഞിരുന്നു. എന്നാൽ സന്തോഷത്തോടെ സിനിമ ചിത്രീകരണ സ്ഥലത്തു നിന്നും മടങ്ങും വഴിയായിരുന്നു ആലപ്പുഴ ചേർത്തലയിൽ വെച്ച് കാറപകടം വില്ലനായത്. കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരും മരിച്ചു. “അമ്മ ശ്രീദേവി മാത്രം ബാക്കിയായി.

നഖക്ഷതങ്ങൾ, കമലദളം, ചമ്പക്കുളം തച്ചൻ, ഋതുഭേദം, ആര്യൻ, അധിപൻ, ദ്രാവിഡൻ, പെരുന്തച്ചൻ തുടങ്ങി 25 ഓളം സിനിമകളിൽ മോനിഷ തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. ജിഎസ് വിജയൻ സംവിധാനം ചെയ്ത ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടക്കുന്ന സമയം, ഗുരുവായൂരിൽ ഒരു ഡാൻസ് പ്രോഗ്രാമിന് വേണ്ടി ഒരു ദിവസത്തെ പ്രാക്ടീസ് വേണ്ടി ബാംഗ്ലൂർ പോകുന്നതിനായി കൊച്ചി എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം-അമ്മ ശ്രീദേവി ഓർക്കുന്നു. ആറ് വര്‍ഷം മാത്രം നീണ്ടുനിന്ന അഭിനയ ജീവിതത്തിന് തിരശീലയിട്ട് മോനിഷ വിടവാങ്ങിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രണയം തുളുമ്പുന്ന കണ്ണുകളും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ആരാധകരുടെ ഹൃദയത്തില്‍ അവര്‍ ഒളിമങ്ങാതെ തന്നെ നില്‍ക്കുന്നു. മോനിഷയ്ക്ക് ശേഷം മോനിഷ മാത്രമെന്ന് ആരാധകര്‍ ആവര്‍ത്തിക്കുന്നത് പ്രതിഭയ്ക്കപ്പുറം അവര്‍ക്ക് പകരം വെയ്ക്കാന്‍, മലയാളത്തനിമ കൊണ്ടും ശാലീനത കൊണ്ടും മറ്റൊരാളെ ഇന്നേവരെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് കൊണ്ടുകൂടിയാണ്.