മുത്തലാഖ്; നിയമം സമൂഹത്തെ പിന്നോട്ട് വലിക്കാനുളളതല്ല

വി.പി റജീന

ഇപ്പോള്‍ ധൃതി പിടിച്ച് കൊണ്ടുവന്നിരിക്കുന്ന മുത്തലാഖ് ബില്ലില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. അതൊന്നും ചോദ്യം ചെയ്യാതെ രാജ്യത്തെ മുസ്‌ലിങ്ങള്‍ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന് പറയുന്നതിനെ അംഗീകരിക്കാനാവില്ല. അത്തരമൊരു ബില്ല് തിടുക്കത്തില്‍ കൊണ്ടുവരുന്നവരുടെ നീക്കത്തെ അത്ര നിഷ്‌കളങ്കതയോടുകൂടി കാണാന്‍ അവരുടെ ഭൂത-വര്‍ത്തമാന കാല ചെയ്തികള്‍ രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തെ അനുവദിക്കുകയില്ല എന്നതും ഇവിടെ പരമപ്രധാനമാണ്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതിനോടൊപ്പം സുപ്രീം കോടതി പറഞ്ഞ ഒരു കാര്യമുണ്ട്. നിര്‍ണായകമായി ഈ നിയമ നിര്‍മ്മാണത്തില്‍ ക്രിയാത്മകമായ ചര്‍ച്ച വേണമെന്നായിരുന്നു അത്. എന്നാല്‍, അതിനുള്ള സാവകാശം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ബില്ല് പാർലമെന്റ് സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പോലും അംഗീകരിച്ചുമില്ല.

നിയമം എന്നാല്‍ വിവിധ വിഭാഗങ്ങളുടെ, അതുവഴി സമൂഹത്തിന്റെ ആകമാനമുള്ള സുസ്ഥിതിക്കായി ദീര്‍ഘകാലത്തേക്കുള്ള ഒരു ചട്ടക്കൂട് ഒരുക്കലും കൂടിയാണല്ലോ. നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ഒറ്റയടിക്ക് പൂര്‍ണമായി ഇല്ലാതാക്കും എന്ന താല്‍ക്കാലിക ഉറപ്പിനേക്കാള്‍ ആ പ്രശ്‌നങ്ങളെ ക്രിയാതമകവും ക്രമാനുഗതവുമായി ലഘൂകരിച്ച് കൊണ്ടുവന്ന് കുറേക്കൂടി മെച്ചമായ അവസ്ഥയിലേക്ക് സമൂഹത്തെ വഴി നടത്തുക എന്നതാണല്ലോ അതിന്റെ സുപ്രധാന ദൗത്യം. മുസ്‌ലിം സ്ത്രീകള്‍ മുത്ത്‌ലാഖിലൂടെ അനുഭവിക്കുന്ന കൊടിയ അനീതിയും അവകാശ ലംഘനങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്ത യാഥാര്‍ഥ്യം തന്നെയാണ്. അതിനെ മറികടക്കാന്‍ കെല്‍പു നല്‍കുന്ന നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ അത്് സ്വാഗതം ചെയ്യേണ്ടതുമാണ്. എന്നാല്‍, അത്തരമൊരു നിയമത്തിനെന്ന വ്യാജേന മുസ്‌ലിം സത്രീയെ സ്വന്തം രാഷ്ട്രീയ ലാഭത്തിനുവേണ്ടി കരുവാക്കുകയാണ് യഥാര്‍ഥത്തില്‍ ബി.ജെ.പി. തിടുക്കപ്പെട്ടുള്ള ബില്‍ നിലവിലുള്ളതിനേക്കാള്‍ മോശം ഫലമാണ് ഉണ്ടാക്കുക എന്ന് വ്യക്തമായിരിക്കെ അത്തരമൊന്ന് കൊണ്ടുവരുമ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ടതാണെന്നതില്‍ സംശയമില്ല.

ആണിന് ജയില്‍ ശിക്ഷ, ജീവനാംശം, കുട്ടികളുടെ സംരക്ഷണം എന്നൊക്കെയുള്ള പദാവലികള്‍ കണ്ട് തീര്‍ത്തും സ്ത്രീ അനുകൂലമാണ് ബില്ലെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എന്നാല്‍, നീതിയുക്തമാവേണ്ട നിയമം ഇത്തരം പദാവലികള്‍ അസ്ഥാനത്ത് തിരുകിക്കയറ്റിക്കൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. അത് ഇരുകൂട്ടരുടെയും ന്യായവും നീതിയും ഉന്നയിക്കപ്പെടാന്‍ ഒരുപരിധിവരെയെങ്കിലും ഇടനല്‍കുന്ന വിധം സുവ്യക്തമായിരിക്കണം. ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ സ്ത്രീക്കും കുട്ടികള്‍ക്കും ആര് ചെലവിനു നല്‍കുമെന്ന ചോദ്യം അഡ്രസ് ചെയ്യപ്പെടേണ്ടതു തന്നെയാണ്. മാത്രമല്ല, വിവാഹം ഒരു സിവില്‍ കരാര്‍ ആയതിനാല്‍ തന്നെ സത്രീക്ക് നീതിയും അവകാശങ്ങളും ഉറപ്പുവരുത്താന്‍ മുഖ്യമായും സിവില്‍ വ്യവസഥയുമായി ബന്ധിതമാക്കുന്നതിനാണ് നിയമം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

മുത്തലാഖിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ മുസലിം സ്ത്രീയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന വ്യാജമായ ഒരു ബോധത്തെയും ഈ ബില്ല് ഉല്‍പാദിപ്പിക്കുന്നുണ്ട്. സമാനമായി അഡ്രസ ചെയ്യേണ്ട വിഷയങ്ങള്‍ ആണ് ബഹുഭാര്യാത്വം, ചടങ്ങ് നില്‍ക്കല്‍ വിവാഹം അടക്കം അവള്‍ അഭിമുഖീകരിക്കുന്ന ക്രൂരമായ വിവേചനങ്ങള്‍. മുത്തലാഖ് എന്നതിലേക്ക മാത്രം പ്രശനത്തെ പരിമിതപ്പെടുത്തുമ്പോള്‍ മുസ്‌ലിം സ്ത്രീയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണവും ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്.
എന്നു മാത്രമല്ല, സ്ത്രീക്ക ലഭിക്കേണ്ട നീതി എന്ന ആവശ്യത്തിനുമുന്നില്‍ നിരപരാധികളായ പുരുഷന്‍മാര്‍ ജയിലിലടക്കപ്പെടുന്നതും ഇസ്‌ലാം വിഭാവനം ചെയ്യുന്ന പൊതു നീതിയുടെ ലംഘനമാണ്. അതുകൊണ്ട തന്നെ കുറച്ചുകൂടി സൂക്ഷമതയും അവധാനതയും ആവശ്യപ്പെടുന്ന
ഇടപെടലുകളിലൂടെയാവണം ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടത്.

മറ്റൊന്ന്, ബില്ല് കൊണ്ടുവന്ന ബി.ജെ.പി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും ഇതൊക്കെത്തന്നെയാണ്. മുസലിം സ്ത്രീയുടെ കണ്ണീര് എന്നൊക്കെപറയുന്നുണ്ടെങ്കിലും അത് നിയമമാവണമെന്ന് അവര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല. കാരണം, നിയമമായിക്കഴിഞ്ഞാല്‍ പിന്നെ ഇതുവെച്ച്
ബാര്‍ഗെയനിങ് രാഷ്ട്രീയത്തിനുള്ള സാധ്യതയാണ് അടഞ്ഞുപോവുന്നത്. തല്‍ക്കാലം ഈ ഒച്ചപ്പാട് തന്നെയാണ് അവരും ഉദ്ദേശിച്ചിട്ടുള്ളത്.

ഇനി രാജ്യസഭ എന്ന കടമ്പ ഉണ്ട്. ഇക്കോലത്തില്‍ അത് കടക്കാന്‍ ഇമ്മിണി കഷ്ടപ്പാടാണെന്ന ബോധ്യമാണ് ഇപ്പോള്‍ അവരുടെ ശക്തി. രാജ്യസഭയില്‍ ഇത് പരാജയപ്പെടണം എന്നാഗ്രഹിക്കുന്നത് രാജ്യത്തെ മുസ്‌ലിം സംഘടനകളേക്കാള്‍ ബി.ജെ.പിയാണ്. സംഘ്പരിവാരങ്ങളാണ്. അവിടെയാണ ഈ കളിയുടെ മര്‍മം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ ബില്ലായിരിക്കും അവരുടെ മൂര്‍ച്ചയേറിയ ആയുധം. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന സമയത്തു തന്നെ ഞാന്‍ ഉന്നയിച്ച കാര്യമാണിത്. അടുത്ത തവണത്തേക്കു കരുതിവെച്ച ഈ ആയുധം ഇപ്പോള്‍ തന്നെ നിയമമാക്കി നിര്‍വീര്യമാക്കാന്‍ ബി.ജെ.പി തയ്യാറാവുമോ ? ഒരിക്കലുമില്ല.

എപ്പോഴെല്ലാം ഈ വാള്‍ അവര്‍ ചുഴറ്റുന്നുവോ അപ്പോഴൊക്കെ ഏക സിവില്‍കോഡ് വരുന്നേ എന്ന് മുസലിംകള്‍ ആര്‍ത്തു വിളിക്കണമെന്നതു തന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത്. അത മുടങ്ങാതെ ഇവിടെ നടക്കുന്നുമുണ്ടല്ലോ. വ്യക്തി നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്തു വാദം വരുമ്പോഴും ഒരു നേര്‍ച്ച പോലെ മുസ്‌ലിം സംഘടനകള്‍ ആദ്യമേ തന്നെ സ്വന്തം നെഞ്ചിനുനേര്‍ക്കുള്ള ഉണ്ടയായി വ്യാഖ്യാനിക്കും. എന്നിട്ട് കുത്തിയിളക്കലുകള്‍ നടത്തും. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ ഭണകൂടത്തിന് വേണ്ടിയിരുന്നതും. കഴിഞ്ഞ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോദിയും അതുകഴിഞ്ഞ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥും കൊയ്തത് ഈ ഒച്ചപ്പാടിന്റെ ഫലം കൂടിയാണ്. ഞാന്‍ മുമ്പ് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. എതിരാളിയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്താണ് ഫാഷിസം എല്ലാകാലത്തും വളര്‍ന്നിട്ടുള്ളത്. ഈ ദൗര്‍ബല്യങ്ങളെ കെട്ടിപ്പൊതിഞ്ഞുവെക്കുന്നിടത്തോളം കാലം അവര്‍ ദംഷ്ട്രകള്‍ പ്രയോഗിച്ചു കൊണ്ടിരിക്കും.

ഇത്തരമൊരു വിപല്‍സന്ധിയില്‍ ഇനിയും വൈകാതെ മുസലിം വ്യക്തി നിയമ ബോര്‍ഡ് ചെയ്യേണ്ടത് മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ അടിയന്തിരമായും നീതിപൂര്‍വകമായും ഹിത പരിശോധന നടത്താന്‍ തയ്യാറാവുക എന്നതാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ ഈ വിഷയത്തില്‍ നീതിയുക്തമായ ഒരു കരട് മുന്നോട്ട് വെക്കാന്‍ ബോര്‍ഡ് ശ്രമം നടത്തേണ്ടതുണ്ട്. അതിനായി മുത്തലാഖ് അടക്കം മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാനുള്ള സമിതിയെ നിയോഗിക്കണം. നിയമജ്ഞരും മുസ്‌ലിം വനിതാ പ്രതിനിധികളും ഇസ്‌ലാമിക പണ്ഡിതരും സാമൂഹ്യ ശാസ്ത്രജ്ഞരും പൊതു ജനപ്രതിനിധികളും അടക്കം പല വ്യക്തിത്വങ്ങളെ ഉള്‍കൊള്ളുന്നതാവണം ആ സംവിധാനം.

Read more

നിലവില്‍ നിരവധി വനിതാ സംഘടനകള്‍ പലതരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്തിനിയമ പരിഷ്‌കരണവും ജന്‍ഡര്‍ ജസ്റ്റിസ് കോഡുമടക്കം. മുന്‍വിധികളും പക്ഷപാതിത്വങ്ങളും സങ്കുചിതത്വങ്ങളും മാറ്റിവെച്ച് എന്താണ് അവര്‍ പറയുന്നതെന്നും അതില്‍ നിന്ന് സ്വീകാര്യമായവ എന്താണെന്നും പരിശോധിക്കാന്‍ തയാറാവണം. എടുത്തും കൊടുത്തും കൊണ്ടല്ലാതെ നിയമത്തിന് വളരാനാവില്ല. നിയമം എന്നത് ഒരു കാലത്തില്‍ നിശ്ചലമായി നില്‍ക്കേണ്ടതുമല്ല. അതു മുന്നോട്ടു പോവുന്ന സമൂഹത്തെ പിന്നോട്ടു വലിക്കാനുള്ളതുമല്ല.