മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപനയെക്കുറിച്ച് വീമ്പിളക്കി റീൽ പങ്ക് വച്ച യുവാവ് പിടിയിൽ. അഹമ്മദാബാദ് ഗോമതിപുർ സ്വദേശിയായ ബാപ്പു എന്ന അഷ്‌റഫിനെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. പിന്നീട് തെറ്റ് മനസിലാക്കിയ ഇയാൾ പിന്നീട് മാപ്പ് പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. അതേസമയം 1960 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
‘നിങ്ങൾ ബിസിനസ് നടത്തുകയാണെങ്കിൽ അത് നിർബന്ധമായും നിയമവിരുദ്ധമായിരിക്കണം. മദ്യക്കുപ്പികൾ നിറച്ച വാഹനങ്ങൾ പിടിക്കപ്പെട്ടാൽ പോലീസ് ഒരു കേസ് ഫയൽ ചെയ്യും. എന്നാൽ അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിങ്ങളുടെ കൈനിറയെ പണം വരും. അത് ഉപയോഗിച്ച് ആർഭാടത്തോടെ ജീവിക്കാം’ എന്നാണ് അഷ്റഫ് വീഡിയോയിൽ പറയുന്നത്.
દારૂની પેટીઓ ભરેલ ગોડાઉનમાં રીલ બનાવનાર અશરફ ઉર્ફે બાપુને પકડી પાડતી અમદાવાદ શહેર ક્રાઇમ બ્રાન્ચ@sanghaviharsh @GujaratPolice @dgpgujarat pic.twitter.com/D3WbvhA6nu
— Ahmedabad Police અમદાવાદ પોલીસ (@AhmedabadPolice) July 19, 2024
വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഖേതർഷബാവയിലെ വീട്ടിൽനിന്നാണ് അഷ്റഫിനെ പിടികൂടിയത്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 292-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താവുന്ന പരാതി ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും ഈ വകുപ്പിന്റെ പരിധിയിൽ കുറ്റം ഉൾപ്പെടുത്താനായില്ലെങ്കിൽ പൊതുശല്യം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
അഷ്റഫ് ചിത്രീകരിച്ച വീഡിയോയും പിന്നീട് തെറ്റ് മനസ്സിലാക്കി ഇയാൾ ക്ഷമ ചോദിക്കുന്ന വീഡിയോയും അഹമ്മദാബാദ് പോലീസ് എക്സിൽ പങ്കുവെച്ചു. ‘മദ്യക്കുപ്പികൾ നിറച്ച പെട്ടികളുള്ള ഗോഡൗണിൽവെച്ച് റീൽ ചിത്രീകരിച്ചതിന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടി’ എന്ന അടിക്കുറിപ്പോടെയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്. അതേസമയം നിലവിൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 1960-ൽ പടിഞ്ഞാറൻ സംസ്ഥാനം രൂപീകൃതമായത് മുതലാണ് ഇവിടെ മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചത്.