ഉടന്‍ അറസ്റ്റ് ചെയ്യണം, നയതന്ത്ര ബന്ധം തകര്‍ക്കരുത്; ഹാഫിസ് സയീദിനെ വിട്ടയച്ച പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഭീകരവാദി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച പാകിസ്ഥാനെതിരെ അമേരിക്ക. ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണമെന്ന് അമേരിക്ക പാകിസ്ഥാനോടാവശ്യപ്പെട്ടു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായീദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തിന് രണ്ടു ദിവസം മുമ്പായിരുന്നു പാകിസ്ഥാന്റെ പ്രകോപനപരമായ നടപടി. ഹാഫീസ് സെയ്ദിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോള്‍, പാകിസ്താന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. സയീദിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു